പൊന്നാനി: പൊന്നാനി ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറിന് സമീപം കാലങ്ങളായി അടിഞ്ഞുകൂടിയ മണൽ നീക്കുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്വാക്കായി. മഴക്കാലമെത്തുന്നതോടെ നീരൊഴുക്ക് തടസപ്പെട്ട് വെള്ളപ്പൊക്കമുണ്ടാകുമെന്ന ഭീതിയിലാണ് കായലോര വാസികൾ. ഷട്ടറിന് കിഴക്ക് ഭാഗത്താണ് മണൽ അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നത്. മണൽ അടിഞ്ഞതിനാൽ ഷട്ടറിന് താഴെ ജലം സംഭരിക്കുന്നതിന്റെ ശേഷി ഇല്ലാതായിരിക്കുകയാണ്.
മണൽനീക്കാത്ത പക്ഷം മഴയിൽ മുൻ കാലങ്ങളിലെ പോലെ ഷട്ടറിന് കിഴക്കുഭാഗത്ത് ജലനിരപ്പ് ഉയരുകയും അയിനിച്ചിറ വരെ ഭാഗത്ത് കൃഷി നാശമുണ്ടാവുകയും ബിയ്യം ചെറിയ പാലത്തിന് സമീപത്തെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാവുകയും ചെയ്യും. കായലോര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകാറുണ്ട്. കൂടാതെ മണലിൽ ചണ്ടി അടിഞ്ഞുകൂടി മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നതിനും ഇടയാക്കും. പല തവണ ഇക്കാര്യം സമീപ വാസികളും, കർഷകരും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ ഒന്നുമായില്ല.
പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിലും, ദുരന്തനിവാരണ സമിതി യോഗത്തിലും ഈ വിഷയം ഉയർന്നുവന്നിരുന്നു. പ്രദേശത്തെ മണൽ നീക്കാൻ കെ.ഇ.ആർ.ഐ സർവേ എസ്റ്റിമേറ്റ് തയാറാക്കി എത്രത്തോളം മണൽ നീക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും നടപ്പായിട്ടില്ല. വേനലിൽ മണൽ നീക്കം ചെയ്തില്ലെങ്കിൽ വലിയ വെള്ളപ്പൊക്കത്തിനാണ് സാധ്യതയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.