പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ നാല് ഡോക്ടർമാരെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതിനെത്തുടർന്നുണ്ടായ ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരം കാണുന്നതിനും മറ്റു ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും നഗരസഭ കാര്യാലയത്തിൽ യോഗം ചേർന്നു.
നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാൻ ജില്ലാ മെഡിക്കൽ മേധാവികളെ പങ്കെടുപ്പിച്ചാണ് നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ചു ചേർത്തത്. പൊന്നാനിയിലെ ആശുപത്രികളിലെത്തുന്ന ജനങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന കാതലായ പ്രശ്നങ്ങൾ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വിശദീകരിച്ചു.
മാതൃ ശിശു ആശുപത്രി, താലൂക്ക് ആശുപത്രി, ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രം, അർബ്ബൻ ഹെൽത്ത് സെന്ററുകൾ എന്നിവയിലെ നിലവിലുള്ള പ്രശ്നങ്ങൾ ബന്ധപ്പെട്ട മെഡിക്കൽ സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവർ വിശദീകരിച്ചു.
മാതൃശിശു ആശുപത്രിയിൽ ശിശുരോഗ വിദഗ്ധരായ ഡോക്ടർമാരുടെ ലഭ്യതക്കുറവ് നികത്തൽ, നഴ്സിങ് അസിസ്റ്റന്റ് ഒഴിവുകൾ നികത്തൽ, മാതൃശിശു തീവ്ര പരിചരണ വിഭാഗം മദർ ആൻഡ് നിയോനാറ്റൽ ഐ.സി.യു പ്രവർത്തനം ആരംഭിക്കൽ, രക്തബാങ്ക് കെട്ടിട നിർമാണം ഊർജിതമാക്കൽ, രാത്രികാല കാഷ്വാലിറ്റി പ്രവർത്തനം കാര്യക്ഷമമാക്കാനാവശ്യമായ ഡോക്ടർമാരുടെ നിയമനം എന്നീ പ്രശ്നങ്ങൾ സൂപ്രണ്ട് ഡോ. ശ്രീജ അവതരിപ്പിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സിങ് സ്റ്റാഫിന്റെയും ഒഴിവ് നികത്തൽ, ഐ.പി.പി പ്രോജക്ട് സ്റ്റാഫിന്റെ പുനർ വിന്യാസം, ഫിസിഷ്യൻ തസ്തികയിലുള്ള ഒഴിവ് അടിയന്തിരമായി നികത്തൽ എന്നീ വിഷയങ്ങൾ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് ചൂണ്ടിക്കാട്ടി.ജില്ല മെഡിക്കൽ സൂപ്രണ്ട് ഡോ. രേണുക, നാഷനൽ അർബൻ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം ഓഫിസർ ഡോ. അനൂപ് എന്നിവർ പങ്കെടുത്തു.
നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, ഈഴുവത്തിരുത്തി കുടുംബാരോഗ്യ കേന്ദ്രം, ബിയ്യം അർബ്ബൻ ഹെൽത്ത് സെന്റർ , ടൗൺ അർയ്യൻ ഹെൽത്ത് സെന്റർ, ജനകീയ നഗരാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫിസർമാർ ചർച്ചയിൽ വിഷയങ്ങൾ അവതരിപ്പിച്ചു.പൊന്നാനി താലൂക്കാശുപത്രിയിൽ അടിയന്തിരമായി ഫിസിഷ്യനെ നിയമിക്കുമെന്നും, മാതൃ ശിശു ആശുപത്രിയിൽ മുഴുവൻ സമയവും ശിശുരോഗ വിദഗ്ധരുടെ സേവനം ഉറപ്പു വരുത്തുമെന്നും മിനിസ്റ്റീരിയൽ സ്റ്റാഫിന്റെ ഒഴിവ് ഉടൻ നികത്തുമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഉറപ്പു നൽകുകയും മറ്റു വിഷയങ്ങൾ സാധ്യതകൾ പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. രേണുക അറിയിച്ചു.
നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീന സുദേശൻ സ്വാഗതവും നഗരസഭ സെക്രട്ടറി സജിറൂൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.