പൊന്നാനി: രാമനാട്ടുകര-കാപ്പിരിക്കാട് ദേശീയപാത നിർമാണത്തിനാവശ്യമായ മണ്ണ് ലഭിക്കാതായതോടെ നിർമാണ പ്രവൃത്തികൾ ഒരു മാസത്തിലധികമായി മന്ദഗതിയിൽ. മണ്ണെടുപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് മണ്ണെടുക്കാൻ തടസ്സം നേരിട്ടത്. 2023 മാർച്ചിന് മുമ്പുള്ള പദ്ധതികൾക്ക് സുപ്രീം കോടതി വിധി ബാധകമല്ലെങ്കിലും വിധിയെത്തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് ദേശീയപാത നിർമാണം മന്ദഗതിയിലാകാനിടയായത്.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് മണ്ണെടുക്കാൻ പ്രത്യേക കമ്മിറ്റി അനുമതി വേണം. ഇതേത്തുടർന്ന് ജിയോളജിസ്റ്റുകൾ അനുമതി നൽകാതിരുന്നതാണ് തിരിച്ചടിയായത്. കാലവർഷം എത്തിയതോടെ മണ്ണെടുപ്പ് പൂർണമായും നിലച്ചു. ജില്ലയിലെ രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള 80 കിലോമീറ്റർ ഭാഗം 2025 മാർച്ചിനകം തീർക്കാനായിരുന്നു കരാർ. എന്നാൽ നിർമാണം മന്ദഗതിയിലായതോടെ കാലാവധി നീളും.
പുതുപൊന്നാനി പാലം, വളാഞ്ചേരി ബൈപാസ്, കുറ്റിപ്പുറം പാലം, പന്തേപ്പാലം, ചമ്രവട്ടം മേൽപാലം എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. വെട്ടിച്ചിറ അണ്ടർ പാസ് നിർമാണം ഇനിയും പൂർത്തീകരിക്കാനുണ്ട്. ഇവിടെ സ്ലാബിന്റെ പണികളാണ് പൂർത്തീകരിക്കാനുള്ളത്. പുതുപൊന്നാനി അടക്കം മിനി അണ്ടർപാസ് നിർമാണം അന്തിമഘട്ടത്തിലാണ്. നിർമാണത്തിനാവശ്യമായ മണ്ണ് ലഭ്യമല്ലാതായതോടെ 2000ഓളം തൊഴിലാളികൾക്ക് കാര്യമായ പണിയില്ലാത്ത സ്ഥിതിയാണ്. അടുത്ത മാസം അവസാനത്തോടെ പ്രശ്നം പരിഹരിക്കുമെന്നാണ് നിർമാണ കമ്പനിയായ കെ.എൻ.ആർ.സി.എല്ലിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.