പൊന്നാനി: പൊന്നാനിയിൽ ആരംഭിക്കുന്ന എക്സിബിഷന് അവസാന നിമിഷം റവന്യൂ വകുപ്പിന്റെ സ്റ്റേ. സ്വകാര്യ വ്യക്തികൾ പൊന്നാനി നിളയോര പാതയിൽ സംഘടിപ്പിക്കുന്ന എക്സിബിഷനാണ് അനുമതി നിഷേധിച്ചത്. ഭൂമിയുടെ അവകാശികൾ റവന്യൂ വകുപ്പാണെന്നും വകുപ്പിന്റെ അനുമതിയില്ലാതെ എക്സിബിഷൻ നടത്താനാകില്ലെന്നും കാണിച്ചാണ് നിരോധന ഉത്തരവ് നൽകിയത്. നഗരസഭ കൗൺസിൽ തീരുമാനപ്രകാരമാണ് എക്സിബിഷന് അനുമതി നൽകിയിരുന്നത്. റവന്യൂ വകുപ്പിന്റെ കത്തിൽ ദുരൂഹതയുണ്ടെന്നും എക്സിബിഷൻ തടസ്സമില്ലാതെ നടക്കുമെന്നും നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
എക്സിബിഷന്റെ പേരിൽ റവന്യൂ വകുപ്പും നഗരസഭയും നേരിട്ട് ഏറ്റുമുട്ടുകയാണ്. റവന്യൂ വകുപ്പിന്റെ കത്ത് മറികടന്നാണ് നഗരസഭ എക്സിബിഷന് അനുമതി നൽകിയത്. പുഴയോരത്തെ തിരക്കും അപകട സാധ്യതകളും മുൻ നിർത്തിയാണ് ചട്ടപ്രകാരമുള്ള നടപടികളിലേക്ക് നീങ്ങിയതെന്നാണ് റവന്യൂ വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം.
ഏപ്രിൽ ഏഴുമുതൽ 25 വരെയാണ് എക്സിബിഷൻ. നഗരസഭ ചിൽഡ്രൻസ് പാർക്ക് നിർമാണത്തിനായി കണ്ടെത്തിയ ഭൂമിയിലാണ് എക്സിബിഷന് അനുമതി നൽകിയത്. ചിൽഡ്രൻസ് പാർക്ക് പദ്ധതി മുന്നോട്ടുവെച്ചതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശം ഉപയോഗപ്പെടുത്താൻ റവന്യൂ വകുപ്പുതന്നെ സർവേ ചെയ്ത് നഗരസഭക്ക് അനുവദിച്ച ഭൂമിയാണെന്നും തർക്കം അനാവശ്യ വിവാദമുണ്ടാക്കാനുള്ള നീക്കമാണെന്നും നഗരസഭ അധ്യക്ഷൻ ആരോപിച്ചു. പി.ഡബ്ല്യു.ഡി, തദ്ദേശ സ്ഥാപന റോഡുകൾക്ക് സമീപത്തെ പുറമ്പോക്ക് ഭൂമിയുടെ അവകാശം അതത് തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന ചട്ടവും മുൻ നിർത്തിയാണ് ഭൂമി നഗരസഭ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചതെന്നും നഗരസഭ അധ്യക്ഷൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.