ബി​യ്യം ചെ​റു​തോ​ട്​ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ

പൊന്നാനിയിലെ കൃഷിയിടങ്ങളിലേക്ക് ജലലഭ്യത ഉറപ്പാക്കാൻ നടപടി

പൊന്നാനി: കാലങ്ങളായി ശോച്യാവസ്ഥയിലായ ബിയ്യം ചെറുതോട് നവീകരിച്ച് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് പൊന്നാനി നഗരസഭ തുടക്കം കുറിച്ചതോടെ കർഷകർ പ്രതീക്ഷയിൽ. നഗരസഭയുടെ നെല്ലറയായ ബിയ്യം, നൈതല്ലൂർ, ഈശ്വരമംഗലം മേഖലയിലെ കൃഷി വ്യാപനത്തിനുള്ള പ്രധാന തടസ്സമായ ജലദൗർലഭ്യം കണക്കിലെടുത്താണ് ചെറുതോട് വീണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നത്.

ഭാരതപ്പുഴയിൽ നിന്നുള്ള വെള്ളം കാർഷികാവശ്യത്തിനായി ചെറുതോട് വഴിയാണ് എത്തിയിരുന്നത്. ചെറുതോടിന് ഇരുകരകളിലുമായി പൊന്നാനി നഗരസഭ, കാലടി, എടപ്പാൾ പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് കൃഷിഭൂമിയിലേക്ക് ആവശ്യമായ ജലം പ്രദാനം ചെയ്തിരുന്ന തോടാണ് വർഷങ്ങളായി ചണ്ടിയും കളകളും നിറഞ്ഞ് ഉപയോഗശൂന്യമായത്. മാസങ്ങൾക്ക് മുമ്പ് വെള്ളം ഒഴുകാതായതോടെ മൂന്ന് പഞ്ചായത്തുകളിലെ ഏക്കർ കണക്കിന് കൃഷി നശിച്ചിരുന്നു.

ചെറുതോട് ചണ്ടിയും കളകളും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതോടെയാണ് നെൽകൃഷി വെള്ളത്തിലായത്. ഈ മേഖലകളിൽ നിന്നുള്ള വെള്ളം ബിയ്യം ചെറുതോട് വഴി ബിയ്യം കായലിലേക്കാണ് എത്തിയിരുന്നത്. തരിശുകിടന്നിരുന്ന പാടശേഖരങ്ങളിൽ ഉൾപ്പെടെ അടുത്തിടെ കൃഷി ആരംഭിച്ചിരുന്നു.

എന്നാൽ, വെള്ളം ഒഴുകിപ്പോകുന്നതിന് വേണ്ടിയുള്ള തോടുകളുടെ നവീകരണം നടക്കാത്തതിനാൽ കർഷകരും പ്രയാസത്തിലായിരുന്നു. തുടർന്നാണ് ചെറുതോട് വീണ്ടെടുക്കാൻ ജനകീയ പങ്കാളിത്തത്തോടെ നവീകരണം നഗരസഭ നടത്തിയത്. ജലലഭ്യത വേനലിലും ഉറപ്പ് വരുത്താൻ സ്ഥിരം സംവിധാനമെന്ന നിലയിൽ മൂന്നിടങ്ങളിലായി വി.സി.ബി നിർമാണവും ലക്ഷ്യമാണ്.

അതേസമയം, ഭാരതപ്പുഴയിൽ ബിയ്യം കായൽ വരെയുള്ള നിർദ്ദിഷ്ട ലിങ്ക് കനാലിനായി പ്രൊപ്പോസ് ചെയ്ത പദ്ധതി ഉടൻ യാഥാർഥ്യമാവുമെന്ന് പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. നഗരസഭയിലെ തന്നെ ഏറ്റവും നീളം കൂടിയ ചെറുതോട് ഭാരതപ്പുഴയിൽനിന്ന് ആരംഭിച്ച് കാലടി പഞ്ചായത്തിലൂടെ ഒഴുകി നഗരസഭ പരിധിയിലെ ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ റീസർവോയറിലാണ് അവസാനിക്കുന്നത്

Tags:    
News Summary - Steps to ensure water supply to farms in Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.