പൊന്നാനി: മനുഷ്യജീവന് അപകടകമായ രീതിയിൽ തെരുവുനായ്ക്കളുടെ ആക്രമണം പതിവാകുമ്പോൾ നിയന്ത്രണവുമായി നഗരസഭ രംഗത്തെത്തും. ആദ്യരണ്ട് ദിവസങ്ങളിൽ ആവേശത്തോടെ വന്ധ്യംകരണ പ്രവൃത്തികൾ നടക്കും. ഒരാഴ്ചക്കകം പദ്ധതി അവസാനിപ്പിച്ച് എ.ബി.സി സംഘവും മടങ്ങും. മാസങ്ങൾ കഴിയുമ്പോൾ പെറ്റുപെരുകി തെരുവ് നായ്ക്കളുടെ വിളയാട്ടം പതിവാകും.
ശ്വാന സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ച പൊന്നാനിയിലെ കാഴ്ചയാണിത്...
തെരുവുനായ് ആക്രമണം ഭയന്ന് കുട്ടികളുൾപ്പെടെ പുറത്തിറങ്ങാൻ മടിക്കുകയാണ്. നേരത്തെ രാത്രിസമയത്ത് മാത്രമുണ്ടായിരുന്ന ശല്യം ഇപ്പോൾ പകൽ സമയങ്ങളിലുമുണ്ട്. ജനത്തിരക്കേറിയ ചമ്രവട്ടം ജങ്ഷനിലും പകൽ സമയത്തും തെരുവുനായ്ക്കൾ വിലസുകയാണ്.
നഗരസഭയിലെ പൊന്നാനി-പള്ളപ്രം ദേശീയപാത, ചന്തപ്പടി, നായരങ്ങാടി, ആനപ്പടി, തൃക്കാവ്, എം.എൽ.എ റോഡ്, പുഴമ്പ്രം, ബിയ്യം, കടവനാട് മേഖലകളിലെല്ലാം തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. പുലർച്ചെ അമ്പലങ്ങളിലും, പള്ളികളിലും പോകുന്ന വിശ്വാസികൾക്കും മദ്റസയിൽ പോകുന്ന വിദ്യാർഥികൾക്ക് നേരെയും പലപ്പോഴായി തെരുവുനായ്ക്കൾ പാഞ്ഞടുക്കുന്നുണ്ട്.
പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാസങ്ങൾക്ക് മുമ്പും തെരുവുനായ് അക്രമത്തിൽ നിരവധി പേർക്ക് കടിയേറ്റിരുന്നു. പുറമെ വീടുകളിൽ വളർത്തുന്ന നായ്ക്കളെ പ്രായമേറുമ്പോൾ തെരുവിലേക്കിറക്കി വിടുന്നതും വർധിച്ചിട്ടുണ്ട്.
ഇത്തരം നായ്ക്കൾ ഏറെ അപകടകാരികളാണെന്നാണ് മൃഗസംരക്ഷണ വകുപ്പുദ്യോഗസ്ഥർ പറയുന്നത്. 30 വർഷം മുമ്പ് നഗരസഭയും, ജേസീസും ചേർന്ന് പൊന്നാനിയെ പേ വിമുക്ത നഗരമാക്കി പ്രഖ്യാപിച്ചിരുന്നെങ്കിലും തെരുവുനായ്ക്കൾ തെരുവുതോറും വിലസുകയാണ്. അഞ്ച് വർഷം മുമ്പ് നടപ്പാക്കിയ ശ്വാന സൗഹൃദ നഗരസഭയെന്ന പദ്ധതിയും, തെരുവുനായ്ക്കളുടെ ആധിക്യം കാരണം പാളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.