പൊന്നാനി: സ്കൂളിൽ റാഗിങ് ചോദ്യം ചെയ്യാൻ പുറത്തുനിന്നെത്തിയ സംഘവും വിദ്യാർഥികളും തമ്മിൽ സംഘർഷം. മാറഞ്ചേരി മുക്കാല സ്കൂളിലാണ് സംഭവം. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾ ഒന്നാം വർഷ വിദ്യാർഥികളെ മർദിച്ചിരുന്നു. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മർദനം.
വെളിയങ്കോട്ടുനിന്നുള്ള ഒന്നാം വർഷ വിദ്യാർഥികൾക്ക് മർദനത്തിൽ പരിക്കേറ്റതിന് പകരം ചോദിക്കാനാണ് ബന്ധുക്കൾ എന്ന് പറഞ്ഞ് ആറോളം പേർ സ്കൂളിലെത്തിയത്. ഇവർ സ്കൂളിലെത്തി അധ്യാപകരുമായി സംസാരിക്കുന്നതിനിടയിൽ ഒരു വിഭാഗം ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നു. ഇത് സ്കൂളിൽ കൂട്ടയടിക്ക് വഴിവെച്ചു. അധ്യാപകർ പൊലീസിൽ പരാതി നൽകി. വിദ്യാർഥികൾ തന്നെ ചിത്രീകരിച്ച വിഡിയോകളിൽ മർദിച്ച വിദ്യാർഥികളെയും പുറത്തുനിന്നു വന്നവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം പൊന്നാനി സ്റ്റാൻഡിലും വിദ്യാർഥികൾ തമ്മിൽ അടി നടന്നിരുന്നു. നാട്ടുകാർ ഇടപെടുകയായിരുന്നു. കുണ്ടുകടവ് ജങ്ഷനിൽ ദിവസവുമെന്നോണം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാകാറുണ്ട്. ഇത് പലപ്പോഴും ഗതാഗത തടസ്സത്തിനും കാരണമാകാറുണ്ട്.
തിരൂരിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം പതിവാകുന്നു
തിരൂർ: വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം പതിവായതോടെ രക്ഷിതാക്കൾ ആശങ്കയിൽ. സീനിയേഴ്സ്, ജൂനിയേഴ്സ് തമ്മിലുള്ള വാക്കേറ്റങ്ങളാണ് പല സ്കൂളുകളിലും കോളജുകളിലും സംഘർഷത്തിനിടയാക്കുന്നത്. തിരൂർ ബോയ്സ് സ്കൂൾ, മംഗലം മൗലാന കോളജ്, എസ്.എസ്.എം പോളിടെക്നിക്ക് കോളജ്, ഏഴൂർ സ്കൂൾ എന്നിവിടങ്ങളിലെല്ലാം വിദ്യാർഥി സംഘർഷങ്ങൾ അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ വിഷമത്തിലാക്കിയിട്ടുണ്ട്. പലപ്പോഴും പൊലീസ് ഇടപെടലിൽ വരെ സംഘർഷമെത്താറുണ്ട്. വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്ന സംഭവവുമുണ്ടായി. തിരൂർ ബോയ്സ് സ്കൂളിലുള്ളവരും പോളിടെക്നിക്ക് കോളജിലുള്ളവരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ അടിപിടിയുണ്ടായിരുന്നു. സംഘർഷ സമയത്തെത്തിയ മാധ്യമ പ്രവർത്തരെയും മർദിക്കാൻ ശ്രമമുണ്ടായി. വിദ്യാർഥികൾക്ക് കൃത്യമായ ബോധവത്കരണവും രക്ഷിതാക്കളുടെ സമയോചിത ഇടപെടലുകളും വർധിപ്പിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.