പൊന്നാനി: പതിറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനി താലൂക്ക് ആശുപത്രിയെ സംസ്ഥാനത്തെ മികച്ച താലൂക്ക് ആശുപത്രികളിലൊന്നാക്കി മാറ്റുന്നതിന് ഭരണപമായ നേതൃത്വം വഹിച്ച ഡോ. ഷാജ് കുമാർ ആറ് വർഷത്തെ സേവനത്തിന് ശേഷം മടങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്ന ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റമാണ് ഡോ. ഷാജ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും നഗരസഭ ഭരണസമിതിയുടെയും സഹായത്തോടെ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നിരവധി നവീകരണ പ്രവൃത്തികളാണ് മുൻവർഷങ്ങളിൽ നടപ്പിലായത്. ജനറൽ ഒ.പി നവീകരണം, ഏകീകൃത കെട്ടിട സംവിധാനം, ടോക്കൺ സംവിധാനം, പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം, പേഷ്യന്റ് വെയിറ്റിങ് ഏരിയ നിർമാണം, ഓപ്പറേഷൻ തിയറ്റർ നവീകരണം, നേത്രരോഗ വാർഡ്, വാർഡ് നവീകരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടന്നത്.
അറുപത് വർഷത്തിലേറെക്കാലം മാലിന്യ കൂമ്പാരമായി കിടന്നിരുന്ന ആശുപത്രിയുടെ പിൻവശം സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ശുചീകരിച്ചത്. പുതുതായി മന്ത് രോഗ ചികിത്സ കേന്ദ്രവും പെയിൻ ആൻറ് പാലിയേറ്റിവ് ഓഫിസ് നവീകരണവും നടപ്പാക്കി. മുടങ്ങിക്കിടന്നിരുന്ന ശസ്ത്രക്രിയകൾ ആരംഭിക്കാൻ ചുക്കാൻ പിടിച്ചതും ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു. സ്വന്തം ചെലവിൽ മനോഹരമായ പൂന്തോട്ടം നിർമിച്ച് ആശുപത്രിയെ രോഗി സൗഹൃദമാക്കാനും കഴിഞ്ഞു. മാറ്റങ്ങൾക്കുള്ള അംഗീകാരമായി തുടർച്ചയായി നാല് തവണ കായകൽപ്പം അവാർഡും ആശുപത്രിയെത്തേടിയെത്തി. കഴിഞ്ഞ നാല് വർഷങ്ങളിൽ ജില്ലയിലെ മികച്ച ആശുപത്രിയെന്ന ഖ്യാതിയിലെത്തിച്ചാണ് ഡോ. ഷാജ് കുമാർ സ്ഥലം മാറി പോകുന്നത്.
ഭൗതിക സാഹചര്യങ്ങൾക്കൊപ്പം രോഗീ സൗഹൃദ ആശുപത്രിയാക്കി പൊന്നാനി താലൂക്കാശുപത്രിയെ മാറ്റിയതോടെ പൊന്നാനിയുടെ പ്രിയങ്കരനായ ഡോക്ടറായി ഷാജ് കുമാർ മാറി. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും ആശുപത്രി ജീവനക്കാരും യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.