പൊന്നാനി: സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് പുതിയ ഉല്ലാസബോട്ട് നിർമിക്കാനുള്ള ചെലവ് ഒരു കോടിയിലേറെ രൂപ. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ സർവിസ് നടത്തുന്ന ഡബിൾ ഡെക്കർ ബോട്ടുകൾക്ക് ചെലവ് വെറും 30 ലക്ഷത്തിൽ താഴെ.
ആലപ്പുഴയടക്കം തെക്കൻ ജില്ലകളിൽനിന്ന് ഓടിത്തളർന്ന ബോട്ടുകൾ എത്തിച്ച് താൽക്കാലിക അറ്റകുറ്റപ്പണി ചെയ്താണ് സർവിസ് നടത്തുന്നത്. 15 വർഷത്തിൽ കൂടുതൽ മത്സ്യബന്ധനത്തിനുപയോഗിച്ച ബോട്ടുകൾ രൂപമാറ്റം വരുത്തിയും സർവിസ് നടത്തുന്നുണ്ട്. ഇത്തരത്തിൽ പാലപ്പെട്ടി സ്വദേശിയുടെ മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയതാണ് താനൂർ പൂരപ്പുഴയിൽ ഉല്ലാസബോട്ട് സർവിസ് നടത്തുന്നതിനിടെ അപകടത്തിൽപെട്ടത്.
ഉല്ലാസബോട്ടുകളുടെ നിർമാണത്തിൽ പ്രാവീണ്യമുള്ള തൊഴിലാളികൾക്ക് പകരം സാധാരണ മരപ്പണിക്കാർ നിർമിച്ചുനൽകുന്ന ഇത്തരം ബോട്ടുകളുടെ ഫിറ്റ്നസും ആശങ്കയിലാണ്. ടൂറിസ്റ്റ് ബോട്ടുകളുടെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധിച്ച് ബോധ്യപ്പെട്ടുവേണം തുടർപണി നടത്തേണ്ടത്. എന്നാൽ, ജില്ലയിൽ എല്ലാ ഉല്ലാസബോട്ടുകളുടെയും നിർമാണസമയത്തോ അറ്റകുറ്റപ്പണിയുടെ സമയത്തോ ഇത്തരം പരിശോധനകൾ നടക്കാറില്ല.
ഒരുവർഷം മുമ്പ് ആലപ്പുഴയിൽനിന്ന് ഉല്ലാസബോട്ട് പൊന്നാനിയിലേക്ക് കൊണ്ടുവരുന്നതിനിടെ കടലിൽ അപകടത്തിൽപെട്ടിരുന്നു. ഫിറ്റ്നസില്ലാത്ത ബോട്ടായതിനാലാണ് ഇത് അപകടത്തിൽപെട്ടതെന്ന് ആക്ഷേപമുയർന്നിരുന്നു. ഉല്ലാസ ബോട്ടുകളുടെ നീളത്തിന്റെ കാര്യത്തിലും കൃത്യതയില്ലാതെയാണ് മിക്കയിടങ്ങളിലും സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.