പൊന്നാനി: തീരദേശത്ത് കടൽ കലിയടങ്ങുന്നില്ല. പൊന്നാനിയിൽ നൂറിലേറെ വീടുകൾ തകർച്ചഭീഷണിയിലാണ്. കടലാക്രമണം ശക്തമായതിനെത്തുടർന്ന് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നൂറിലേറെ വീടുകളും റോഡുകളും വെള്ളത്തിലായി. ദുരിതബാധിതർ അധികവും കുടുംബവീടുകളിലേക്കാണ് പോകുന്നത്. പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെ നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്.
പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാര്‍ പള്ളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി, പൊലീസ് സ്റ്റേഷന് പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ ആഞ്ഞടിക്കുകയാണ്.
മുറിഞ്ഞഴി, മരക്കടവ്, ലൈറ്റ് ഹൗസ് മേഖലയിലും തണ്ണിത്തുറയിലും കടലാക്രമണം ഏറെ ഭീതി വിതക്കുന്നുണ്ട്. വേലിയേറ്റ സമയമായ രാവിലെ മുതല്‍ വൈകീട്ടു വരെയുള്ള സമയത്താണ് തിരമാലകള്‍ ആഞ്ഞടിക്കുന്നത്.
ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയാണ്. തീരദേശത്തെ വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കുകയാണ്. കൂടാതെ തീരദേശ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. കടല്‍ഭിത്തികള്‍ പൂർണമായും ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകള്‍ നേരിട്ട് വീടുകളിലേക്കെത്തുന്നത്.
തിരമാലകൾ മീറ്ററുകളോളം ഉയർന്നാണ് കരയിലെത്തുന്നത് എന്നതിനാൽ കടൽഭിത്തിയുള്ള ഇടങ്ങളിലും വെള്ളം ഇരച്ചെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.