പൊന്നാനി: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്ഥലപരിമിതിക്ക് പരിഹാരം കാണാൻ പുതിയ കെട്ടിടത്തിനായി പഴയ കെട്ടിടം പൊളിച്ചിട്ടും നിർമാണം ആരംഭിച്ചിട്ടില്ല. രോഗികളെ പരിശോധിക്കാൻ മിക്കപ്പോഴും ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത സ്ഥിതിയാണ്. പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. പല ദിവസങ്ങളിലും ആയിരത്തിലധികം രോഗികളാണ് ഒ.പിയിലെത്തുന്നത്.
മണിക്കൂറുകളോളം കാത്തുനിന്നാണ് ഒ.പി ടിക്കറ്റ് ലഭിക്കുന്നത്. ഡോക്ടറെ കാണാനും മണിക്കൂറുകളോളം കാത്തുനിൽക്കണം. പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം മിക്കപ്പോഴും തകരാറിലാണ്. മിക്ക കേസുകളും റഫർ ചെയ്യുന്ന സ്ഥിതിയാണ്. മാതൃ-ശിശു ആശുപത്രി യാഥാർഥ്യമായതോടെ ആറ് ഡോക്ടർമാർ അങ്ങോട്ടുമാറി. ഇതോടെ താലൂക്ക് ആശുപത്രിയിലെ പ്രവർത്തനങ്ങളും താളംതെറ്റി. അടിയന്തരമായി അഞ്ച് താൽക്കാലിക ഡോക്ടർമാരെയെങ്കിലും നിയോഗിച്ചാൽ മാത്രമേ ജനങ്ങളുടെ പ്രയാസം ദൂരീകരിക്കാനാവൂ.
താലൂക്കിലെ മിക്കവരും ആശ്രയിക്കുന്ന ആശുപത്രിയിൽ സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്ന ആവശ്യം ശക്തമാണ്. മുപ്പതിലേറെ ഡോക്ടർമാർ ഒരേസമയം സേവനമനുഷ്ഠിച്ചാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ. മോർച്ചറിയിലെ ഫ്രീസർ മാറ്റണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.
പൊന്നാനി മാതൃ-ശിശു ആശുപത്രിയിലും സ്ഥിതി ഗൗരവതരമാണ്. ദിവസങ്ങൾക്ക് മുമ്പാണ് എട്ടുമാസം ഗർഭിണിക്ക് രക്തം മാറി നൽകിയത്. ഗർഭിണികളുടേയും കുട്ടികളുടേയും കാര്യത്തിൽ പലപ്പോഴും അവസാന നിമിഷം കൈയൊഴിയുന്നതിനാൽ ഭീതി കാരണം പലരും മറ്റു ആശുപതികളെ സമീപിക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.