പുതുപൊന്നാനി (മലപ്പുറം): 50 വർഷമായി താമസിക്കുന്ന കൂരയിൽനിന്ന് പട്ടയമില്ലാത്തതിനാൽ തെരുവിലിറങ്ങേണ്ട ഗതികേടിലാണ് പുതുപൊന്നാനി പാലത്തിന് സമീപം പുറമ്പോക്കിൽ താമസിക്കുന്ന തോണിക്കടയിൽ ജബ്ബാറും കുടുംബവും. പട്ടയത്തിനായി ഇവർ മുട്ടാത്ത വാതിലുകളില്ല. അദാലത്തുകളിലും ഓഫിസുകളിലും പലതവണ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം.
ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായവില ലഭിച്ച് കുടുംബങ്ങൾ മാറാനൊരുങ്ങുമ്പോൾ മുന്നിൽ ശൂന്യത മാത്രമാണ് ഈ കുടുംബത്തിന്. പുതുപൊന്നാനി പാലം യാഥാർഥ്യമാക്കുന്നതിന് മുമ്പ് ജബ്ബാറിെൻറ പിതാവാണ് അര നൂറ്റാണ്ട് മുമ്പ് ഈ ഭൂമിയിൽ വീടുണ്ടാക്കിയത്. പിന്നീട് പാലം വന്നെങ്കിലും എട്ട് സെൻറ് പുറമ്പോക്കിലെ ഓല മേഞ്ഞ വീട്ടിൽ ജബ്ബാറും കുടുംബവും താമസിച്ചു വരികയായിരുന്നു.
ദേശീയപാത വികസനത്തിനായി അളവെടുപ്പ് നടന്നപ്പോൾ വീട് നഷ്ടമാവുമെന്ന് ഉറപ്പായി. ഇതോടെ പട്ടയത്തിനായി നിരന്തരം അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതുകാരണം സർക്കാർ ധനസഹായവും ലഭിക്കില്ലെന്ന സ്ഥിതിയാണ്.
പ്രദേശത്തെ 68 സെൻറ് പുറമ്പോക്ക് ഭൂമിയിലെ പടിഞ്ഞാറ് ഭാഗത്തുള്ള നാല് സെെൻറങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളിയായ ജബ്ബാറും ഭാര്യ റഹ്മത്തും മക്കളായ ജാബിറും ഷാഫിറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.