പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിലെ ടോൾ പിരിവ് പുതിയ കരാറുകാരന് പുതുക്കി നൽകി. 30.1 ലക്ഷം രൂപക്കാണ് കരാർ നൽകിയത്. കരാർ ഒപ്പുവെക്കുന്നത് വരെയുള്ള കാലയളവിൽ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് നേരിട്ട് തന്നെ ടോൾ പിരിവ് ആരംഭിച്ചു. കഴിഞ്ഞ വർഷം 24.1 ലക്ഷം രൂപക്കായിരുന്നു കരാർ നൽകിയിരുന്നത്. ഇത്തവണ ഇത് 30.1 ലക്ഷം രൂപക്ക് കരാർ നൽകിയതോടെ ആറ് ലക്ഷം രൂപയുടെ ലാഭമാണ് വകുപ്പിന് ലഭിച്ചത്. അതേ സമയം കാൽ നടയാത്രക്കാരെ ടോൾ പിരിവിൽ നിന്നു ഒഴിവാക്കാനുള്ള തീരുമാനം ഇത്തവണയും നടപ്പിലായിട്ടില്ല.
പരിസരവാസികളും, തദ്ദേശീയരുമായ കാൽനട യാത്രക്കാരിൽ നിന്നടക്കം പത്ത് രൂപ ഈടാക്കുന്നതായ പരാതി വ്യാപകമായതിനെത്തുടർന്നാണ് പൊന്നാനി നഗരസഭ പരിധിയിലുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായത്. എന്നാൽ ഈ തീരുമാനം അട്ടിമറിക്കുകയായിരുന്നു. മത്സ്യ ലേലം ഉൾപ്പെടെ നടക്കുന്ന ഹാർബറിലേക്ക് പ്രവേശിക്കാൻ കാൽനടയാത്രക്കാരിൽ നിന്നടക്കം പണമീടാക്കുന്നതിനെച്ചൊല്ലി പ്രതിഷേധം ശക്തമായിരുന്നു. ഹാർബറിനകത്തുള്ള ഫിഷറീസ് സ്റ്റേഷനിലേക്കും, യാത്ര ബോട്ടിലേക്ക് പോകുന്നവരിൽ നിന്നും പണമീടാക്കുന്നതാണ് തർക്കങ്ങൾക്കിടയാക്കിയത്. ടോൾ കാലാവധി പുതുക്കുമ്പോൾ കാൽനടക്കാരെ ഒഴിവാക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇപ്പോഴും പണം വാങ്ങുന്നത് അവസാനിപ്പിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.