പൊന്നാനി: 52 ദിവസത്തെ ട്രോളിങ് നിരോധനത്തിന് അറുതിയായി. മഴയും, ന്യൂനമർദവും ശക്തമായ സാഹചര്യത്തിൽ ബോട്ടുകൾ മത്സ്യബന്ധനത്തിനായി കടലിലിറങ്ങരുതെന്നാണ് ഫിഷറീസ് വിഭാഗം നൽകുന്ന മുന്നറിയിപ്പ്. അതേസമയം, ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തും, വലകള്‍ നിർമിച്ചും തീരദേശം ഒരുങ്ങിക്കഴിഞ്ഞു. കടലിൽ പോകാനാവശ്യമായ ഐസ് കട്ടകൾ ചാക്കിലാക്കി ബോട്ടുകളിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. അതേസമയം, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കടലിലിറങ്ങരുതെന്നാണ് മുന്നറിയിപ്പ്.
52 ദിവസം നീണ്ട ദുരിത അനുഭവങ്ങള്‍ മറന്ന് ചാകര തേടി കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് ഇവര്‍. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്, പെയിന്റിങ് ജോലികളും പൂര്‍ത്തിയാക്കി ബോട്ടുകള്‍ തീരത്ത് നിരന്നു കഴിഞ്ഞു. പുതിയ വലകളും നിർമിക്കുകയും, ലോഡിങ് ഉപകരണങ്ങളുടെ പെയിന്റിങ് ജോലികളും പുരോഗമിക്കുകയാണ്.
പ്ലാസ്റ്റിക് കയറും ഉരുക്ക് മണികളും ഉപയോഗിച്ചുള്ള വലകളാണ് കൂടുതലായി ഉണ്ടാക്കുന്നത്. ട്രോളിങ് നിരോധനം കഴിയുമ്പോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കരിക്കാടി ചെമ്മീനിനും, കണവക്കുമായി പ്രത്യേക വലകളും ഒരുക്കുന്നുണ്ട്. ആധാരം പണയംവെച്ചും സ്വർണ വായ്പയെടുത്തും കമീഷൻ ഏജന്റുമാരിൽനിന്ന് മുൻകൂർ തുക വാങ്ങിയുമാണ് ബോട്ടുകൾ ഒരുക്കി തൊലാളികൾ പുതിയ സീസണിൽ കാത്തിരിക്കുന്നത്. വരാനിരിക്കുന്ന സീസൺ പ്രതീക്ഷയുടേതാകുമെന്ന പ്രത്യാശയോടെയാണ് ബോട്ടുകളുടെ മുന്നൊരുക്കം.
അതിനിടെ ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ടുകള്‍ കടലില്‍ പോകുന്നതോടെ പരമ്പരാഗത മത്സ്യതൊഴിലാളികളാണ് വീണ്ടും കഷ്ടത്തിലാവുന്നത്. തീരദേശങ്ങളില്‍ മീന്‍ ഓരോ വര്‍ഷവും കുറയുകയാണെന്നതാണ് കാരണം. ബോട്ടുള്ളവര്‍ സമയമെടുത്ത് മറ്റ് സംസ്ഥാനങ്ങളുടെ തീരത്തടക്കം ചെന്ന് മീന്‍ പിടിക്കുമ്പോള്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് അധികം ദൂരം പോകാന്‍ കഴിയില്ല. ഒരു ദിവസം കടലില്‍ പോകാന്‍ 25,000 രൂപയുടെ അടുത്താണ് സാധാ വള്ളങ്ങളുടെ ചിലവ്.
നാല് ദിവസം പോയി വരുമ്പോഴേക്ക് അത് ഒരുലക്ഷം രൂപയാവും. മീന്‍ ലഭിക്കാതായാല്‍ ആ വള്ളത്തില്‍ പോയ കുടുംബങ്ങള്‍ എല്ലാം പിന്നെ പട്ടിണിയിലാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.