പൊന്നാനി: സാധാരണക്കാരുടെ പരാതികളിൽ അടിയന്തര പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇത് നിറവേറ്റുകയാണ് അദാലത്തുകൾ വഴി ചെയ്യുന്നതെന്നും മന്ത്രി വി. അബ്ദുറഹിമാൻ. പൊന്നാനി താലൂക്ക് പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
നടപടിക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റെയും കുരുക്കിൽപെട്ട പരാതികൾ കൃത്യമായി പരിശോധിച്ച് ഉടൻ കാര്യക്ഷമമായി തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മുൻഗണന വിഭാഗത്തിലേക്ക് മാറിയ 13 പേരുടെ റേഷൻ കാർഡുകൾ മന്ത്രി വിതരണം ചെയ്തു. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി. ജലീൽ എം.എൽ.എ, ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ എന്നിവർ പങ്കെടുത്തു.
അദാലത്തിൽ ജനത്തിരക്ക് ഉണ്ടായിരുന്നു എങ്കിലും വിപുല സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെ 36 കൗണ്ടറുകളും തയാറാക്കിയിരുന്നു. ജില്ലാതല ഉദ്യോഗസ്ഥരുൾപ്പടെയുള്ളവർ കൗണ്ടറുകളിൽ അണിനിരന്നു. ഭിന്നശേഷിക്കാർക്ക് മാത്രമായി പ്രത്യേക കൗണ്ടറും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.