പൊന്നാനി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള മലബാറിലെ വലിയ ജലോത്സവം ഇത്തവണയില്ലെങ്കിലും പൊന്നാനിയിൽ രണ്ടിടത്ത് ജലോത്സവം നടക്കും. ബിയ്യം കായലിൽ ബോട്ട് റൈസിങ് കമ്മിറ്റിയും കടവനാട് ജലോത്സവ കമ്മിറ്റിയും വള്ളംകളിക്ക് ഒരുക്കങ്ങൾ തുടങ്ങി. രണ്ടിടങ്ങളിലും പരിശീലനത്തിനും തുടക്കമായി.
17ന് ഉച്ചക്ക് രണ്ടിനാണ് ബിയ്യം കായലിൽ ജലോത്സവം നടക്കുക. മത്സരത്തിനൊരുങ്ങുന്നത് 15 മേജർ വള്ളങ്ങളും 17 മൈനർ വള്ളങ്ങളുമാണ്. മാസങ്ങളായി ഇവർ കായലോരത്ത് പരിശീലനം നടത്തുകയാണ്. ഇതിൽ മൂന്ന് വള്ളങ്ങൾ കായലിലെ പുതുമുഖമായിരിക്കും. ‘ജോണി വാക്കർ’, ‘കോസ്മോസ്’, ‘കായൽക്കൊമ്പൻ’ തുടങ്ങിയ വള്ളങ്ങളാണ് പുതിയതായി ഇത്തവണ മാറ്റുരക്കാനിറങ്ങുന്നത്. പുതുക്കിപ്പണിത നാല് വള്ളങ്ങളും കൂട്ടത്തിലുണ്ട്.
ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സർക്കാർ തലത്തിൽ പതിവായി ബിയ്യം കായലോരത്ത് വള്ളംകളി നടക്കാറുണ്ടെങ്കിലും വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഇത്തവണ ടൂറിസം വാരാഘോഷം വേണ്ടെന്നു വച്ചിരുന്നു. ആരാധകരുടെയും നാട്ടുകാരുടെയും ആവശ്യ പ്രകാരം ബോട്ട് റേസിങ് കമ്മിറ്റി മുൻകൈയെടുത്താണ് വള്ളം കളി നടത്താൻ രംഗത്തിറങ്ങി മുന്നോട്ടു വന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കായലോരത്ത് ജനകീയ യോഗം വിളിച്ചിരുന്നു. തൊട്ടുപിന്നാലെ നഗരസഭയിൽ അനുമതിക്കായി അപേക്ഷ നൽകുകയും ചെയ്തു. നഗരസഭ അനുമതി നൽകിയിട്ടുണ്ട്. ബിയ്യം കായൽ വള്ളംകളി കഴിഞ്ഞാൽ പിന്നെ 19ന് കടവനാട് ഭാഗത്തും വള്ളംകളി നടക്കും. കഴിഞ്ഞ വർഷവും ഈ ഭാഗത്ത് മത്സരം നടന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.