പൊന്നാനി: കനോലി കനാലിലൂടെ സോളാർ ബോട്ട് ഓടിക്കാനുള്ള സ്വപ്നം ഇനിയുമകലെ. കനാൽ നവീകരണം പാതി വഴിയിൽ നിലച്ചതോടെ കരയിലേക്ക് കയറ്റിയിട്ട മണൽ മഴയിൽ കനാലിലേക്ക് തന്നെ തിരിച്ചിറങ്ങുന്ന സ്ഥിതിയാണ്. കനാൽ ആഴം കൂട്ടുന്ന പ്രവൃത്തികൾ പൂർത്തിയായെങ്കിലും തുടർന്നുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.
താലൂക്കിൽ പൊന്നാനി അങ്ങാടിപ്പാലം മുതൽ പെരുമ്പടപ്പ് വരെ ഭാഗത്തെ ഒന്നര മീറ്റർ ആഴമാണ് കനാലിൽ വർധിപ്പിച്ചത്. കനാലിൽനിന്ന് ശേഖരിച്ച മണൽ ഇരുകരകളിലുമായാണ് കൂട്ടിയിട്ടത്. ഇതാണ് മഴയിൽ തിരികെ കനാലിലെത്തുന്നത്. ബോട്ട് സർവിസ് ഉടൻ ആരംഭിച്ചില്ലെങ്കിൽ മണൽ പൂർണമായും കനാലിലെത്തും.
സോളാർ ബോട്ട് ഓടിക്കുന്നതിന് തടസ്സമായി കനാലിൽ ഉള്ള നടപ്പാലങ്ങളും പൊളിച്ചു നീക്കാനായിരുന്നു തീരുമാനം. എന്നാൽ ഇക്കാര്യത്തിലും നടപടികൾ മന്ദഗതിയിലാണ്. രണ്ട് കോടി രൂപ ചെലവിലാണ് കനോലി കനാൽ നവീകരണം നടപ്പാക്കുന്നത്. ആഴം കൂട്ടുന്ന പ്രവൃത്തികൾക്ക് ശേഷം കനോലി കനാൽ തീരം സർവേ നടത്തുകയും കൈയേറ്റം തിരിച്ചുപിടിക്കുന്ന നടപടികളും നടത്താനാണ് തീരുമാനം.
എന്നാൽ റവന്യൂ വിഭാഗം ഇക്കാര്യത്തിൽ മെല്ലെപ്പോക്കാണെന്നാണ് ആക്ഷേപം. ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് കനാലിൽ ആഴം കൂട്ടൽ ഉൾപ്പെടെയുള്ള പണികൾ നടന്നിരുന്നത്. കനാൽ വീതി കൂട്ടാൻ പദ്ധതികളുണ്ടായിരുന്നെങ്കിലും ഇതൊന്നും യാഥാർഥ്യത്തിലെത്തിയിട്ടില്ല.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സർവേ നടപടികൾ മുന്നോട്ടു നീങ്ങിയെങ്കിലും നടപടിയായില്ല. കനാലിന് 45 മീറ്റർ വീതി ഉറപ്പാക്കാനായിരുന്നു പദ്ധതി. ബോട്ടുകൾക്ക് ഭീഷണിയായ പാലം ഉയർത്തി നിർമിക്കാനും പദ്ധതികളുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.