പൊന്നാനി: ദേശീയപാത നിർമാണ സ്ഥലങ്ങളിൽനിന്ന് വീണ്ടും വ്യാപക ഡീസൽ മോഷണം. 1,750 ലിറ്ററാണ് മോഷണം പോയത്. നിർമാണം നടക്കുന്ന രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള മേഖലകളിൽ നിന്ന് വ്യാപകമായാണ് ഇന്ധനം മോഷണം പോകുന്നതായി പരാതിയുള്ളത്. പൊന്നാനി മേഖലയിലാണ് കൂടുതലായും നഷ്ടമായത്. പ്രദേശങ്ങളിലെ സി.സി.ടി.വി പരിശോധിച്ചതിൽനിന്ന് വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള വാഹനങ്ങളിലെത്തിയവരാണ് ഡീസൽ ചോർത്തിയിട്ടുള്ളതെന്ന് കണ്ടെത്തി.
നേരത്തെ കമ്പികളും ഡീസലും മോഷണം പോകുന്ന സാഹചര്യത്തിൽ മോഷണ തെളിവുകൾ ചൂണ്ടിക്കാട്ടുന്നവർക്ക് നിർമ്മാണ കമ്പനി ഇനാം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊന്നാനി, കുറ്റിപ്പുറം ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിർമാണ കമ്പനി പരാതിയും നൽകിയിരുന്നു. നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിർ നിന്നാണ് ഡീസൽ മോഷണം പോകുന്നത്. കൂടാതെ ജനറേറ്റർ ബാറ്ററിയും നഷ്ടപ്പെട്ടിട്ടുണ്ട്.
വലിയ ലോറികളും മണ്ണുമാന്തി യന്ത്രവും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നാണ് രാത്രിയിൽ ഇന്ധനം നഷ്ടമാവുന്നത്. ഇതിന് പിന്നിൽ ഏതെങ്കിലും സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്.സംഭവത്തിൽ സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.