മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരങ്ങൾക്ക് മുന്നോടിയായി കോട്ടപ്പടി സ്റ്റേഡിയത്തിൽ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഇതാദ്യമായി ജില്ല ആതിഥ്യമരുളുന്ന ദേശീയ ടൂർണമെന്റിന്റെ രണ്ട് വേദികളിലൊന്നാണിത്. ഗ്രൂപ് ബി മത്സരങ്ങളാണ് കോട്ടപ്പടിയിൽ നടക്കുക. ഗ്രൂപ് എ, സെമി ഫൈനൽ, ഫൈനൽ എന്നിവക്ക് പയ്യനാട് സ്റ്റേഡിയവും വേദിയാവും. ദേശീയ പ്രാധാന്യമുള്ള മത്സരങ്ങൾ കോട്ടപ്പടിയിൽ നടക്കുന്നത് ആദ്യമായാണ്. കുറ്റമറ്റ രീതിയിൽ സ്റ്റേഡിയം തയാറാക്കാനാണ് സ്പോർട്സ് കൗൺസിൽ ശ്രമം.
മൈതാനത്തിനും ഗാലറിക്കും ഇടയിലെ ഫെൻസിങ് സ്ഥാനം മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ടച്ച് ലൈൻ കഴിഞ്ഞ് ഫെൻസിങ്ങിനിടയിൽ ത്രോ ഇൻ ചെയ്യാൻ ആവശ്യമായ സ്ഥലം കുറവാണെന്ന് സ്റ്റേഡിയം സന്ദർശിച്ച അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഫെൻസിങ് പിറകിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. മൈതാനത്തെ പുല്ല് വിടവുകൾ തീർക്കൽ പ്രവൃത്തികൾ താമസിയാതെ നടക്കും. താഴത്തെയും മുകളിലെയും രണ്ടു വീതം ഡ്രസിങ് മുറികളും താരങ്ങൾക്ക് തുറന്നുകൊടുക്കും. സാധാരണ താഴത്തെ മുറികളാണ് ഉപയോഗിക്കാറുള്ളത്.
5000 പേർക്ക് ഇരിക്കാവുന്ന ഗാലറിയാണ് കോട്ടപ്പടി സ്റ്റേഡിയത്തിലേത്. നവീകരിച്ച ശേഷം ഇവിടെ നടന്ന സംസ്ഥാന ഫുട്ബാൾ സീനിയർ ചാമ്പ്യൻഷിപ്പിന് 8000 പേരെ വരെ പ്രവേശിപ്പിച്ചിരുന്നു. കേരളത്തിന്റെ മത്സരങ്ങൾ പയ്യനാട്ടാണ് നടക്കുന്നതെന്നതിനാലും കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലും അഭൂതപൂർവമായ ജനക്കൂട്ടം പ്രതീക്ഷിക്കുന്നില്ല. ഫ്ലഡ്ലിറ്റ് സംവിധാനമില്ലാത്ത സ്റ്റേഡിയമാണിത്. പകലായിരിക്കും കോട്ടപ്പടിയിലെ മത്സരങ്ങൾ. നഗരഹൃദയത്തിലെ സ്റ്റേഡിയത്തിന് പാർക്കിങ് സൗകര്യമില്ലാത്തതാണ് പ്രധാന വെല്ലുവിളി.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഉപകമ്മിറ്റി യോഗങ്ങള്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. മത്സരത്തിനും പരിശീലനത്തിനുമായി ഒരുങ്ങുന്ന ഗ്രൗണ്ടുകള്‍ എ.ഐ.എഫ്.എഫ് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ആവശ്യമായ പരിശോധന നടത്തി അഭിപ്രായം അറിയിക്കാനും ഉപകരണങ്ങളുടെ വിവരങ്ങള്‍ തയാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചു. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കും. മത്സരസമയത്തും പരിശീലന സമയത്തും കായിക താരങ്ങള്‍ക്ക് ഒരുക്കേണ്ട സുരക്ഷയെ സംബന്ധിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.