പെരിന്തൽമണ്ണ: ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ വർഷങ്ങളായി വീടിന് കാത്തിരുന്ന് അവസാനഘട്ടത്തിൽ തഴയപ്പെട്ടവർ ആയിരങ്ങൾ. സാങ്കേതികമായ കാരണങ്ങൾ അപ്പപ്പോൾ സർക്കാർ തന്നെ കണ്ടെത്തി പട്ടിക ഓരോ തവണയും ചെറുതാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
2020ലാണ് രണ്ടാം ഘട്ടത്തിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. വിവിധ ക്ലേശഘടകകങ്ങൾ ചേർത്ത് അപേക്ഷകർ നൽകിയ വിവരങ്ങൾ പരിശോധിച്ച് ആദ്യം കരട് പട്ടിക പുറത്തിറക്കി. പിന്നീട് ഇതിൽ അനർഹർ കടന്നുകൂടിയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രണ്ടാംഘട്ട പുനഃപരിശോധന നടത്തി. വീണ്ടും എണ്ണം വെട്ടിക്കുറച്ചാണ് 2022 ജൂൺ 10ന് പട്ടിക ഇറങ്ങിയത്. ആ കരട് പട്ടികയിൽ മലപ്പുറത്ത് 32,154 ഭൂമിയുള്ള ഭവനരഹിതരും 14,756 ഭൂമിയും വീടുമില്ലാത്തവരുമാണ്. ഓൺലൈനിൽ അപേക്ഷ നൽകിയതിൽ 10 മുതൽ 30 വരെ ശതമാനം അപേക്ഷകർ മിക്ക പഞ്ചായത്തുകളിലും കുറഞ്ഞിട്ടുണ്ട്.
2018 മുതൽ 2022 വരെ സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ വഴി വീടുകൾ അനുവദിക്കുന്ന ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടികളൊന്നും നടക്കാത്തതിൽ തദ്ദേശസ്ഥാപന അംഗങ്ങൾ വലിയ സമ്മർദത്തിലായിരുന്നു. 2020ൽ അപേക്ഷ ക്ഷണിച്ച് പട്ടിക പുറത്തിറത്തിറക്കാൻ രണ്ടര വർഷത്തോളം കാത്തിരിക്കേണ്ടി വന്നതോടെ ബ്ലേഡ് പലിശക്ക് വരെ വായ്പയെടുത്ത് പലരും വീട് പണി തുടങ്ങി. അതിനും വഴിയില്ലാത്തവരാണ് ഇപ്പോഴും ഈ പട്ടികയിൽ. അപേക്ഷ സ്വീകരിച്ച ശേഷം 2021ൽ ആദ്യം പഞ്ചായത്തിലെ അധ്യാപകരടക്കം ഉദ്യോഗസ്ഥരെ വെച്ച് ഒന്നാംഘട്ടം മാനദണ്ഡങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തൽ, ശേഷം ബ്ലോക്ക് ലെവൽ ഉദ്യോഗസ്ഥർ, പിന്നീട് കലക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിങ്ങനെ പരിശോധന നടത്തിയിരുന്നു. അനർഹരെന്ന് ചൂണ്ടിക്കാട്ടി തഴയപ്പെട്ടവർക്ക് 2022 ജൂണിൽ അപ്പീൽ നൽകാനുള്ള സമയം നൽകിയെങ്കിലും അർഹതയുണ്ടായിട്ടും വിരലിലെണ്ണാവുന്നവർ മാത്രമാണ് അതിലൂടെ പട്ടികയിൽ വന്നത്. ഒന്നാം പിണറായി സർക്കാർ 2017 ജനുവരി 18, 19 തീയതികളിൽ കുടുംബശ്രീ മുഖേന അപേക്ഷ ക്ഷണിച്ച് വിവിധ ഘട്ടങ്ങളിലൂടെ അർഹരെ വേർതിരിച്ച് പട്ടിക പലവട്ടം ചുരുക്കിയാണ് 2020 വരെ ലൈഫ് പദ്ധതിക്ക് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
തഴയപ്പെടാൻ കാരണങ്ങൾ പലതും വിചിത്രം
വിവാഹം ചെയ്തയച്ച യുവതി ഭർത്താവിന്റെ നാട്ടിൽ കുടുംബമായി വീടുവെച്ചതിനാൽ യുവതിയുടെ കുടുംബത്തിന് വീട് തഴയപ്പെട്ടതാണ് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ഒരു പരാതി. ലൈഫിൽ അപേക്ഷ ക്ഷണിക്കുമ്പോൾ യുവതി കുടുംബത്തിലെ റേഷൻ കാർഡിൽ ഉണ്ടായിരുന്നെന്നും അവരുടെ കൂടി പേരിലാണ് അവരും ഭർത്താവും പുതിയ വീടുവെച്ചത് എന്നുമാണ് പാവപ്പെട്ട കുടുംബത്തിന് തടസ്സമായത്.
മറ്റൊരിടത്ത് നേരത്തേ കാർഡിൽ ഉണ്ടായിരുന്ന മൂത്ത സഹോദരൻമാർ വീടുവെച്ച് താമസം തുടങ്ങിയെന്നും അപേക്ഷകൻ അപേക്ഷ നൽകുമ്പോൾ ആ കാർഡിൽ ഇവർ ഉൾപ്പെട്ടിരുന്നതാണ് തടസ്സം. അപേക്ഷ നൽകുന്ന വേളയിൽ വേറെ വീടുവെച്ചിട്ടില്ലെന്നാണ് പരിശോധനയിൽ ഉറപ്പാക്കിയത്. ഗത്യന്തരമില്ലാതെ ഇത്തരത്തിൽ കടംവാങ്ങിയും പലിശക്കെടുത്തും വീടുവെച്ച് മാറിയവർ ഉൾപ്പെട്ട കാർഡിൽ ഉള്ള മറ്റു അർഹർ പലരും തഴയപ്പെട്ടു.
കിട്ടിയ വീട് വേണ്ടെന്നറിയിച്ച് പെരിന്തൽമണ്ണ നഗരസഭയിൽ 17 പേർ
ഗുണഭോക്താക്കളുടെയും അർഹരുടെയും ആധിക്യം കൊണ്ട് ലൈഫ് ഭവന പദ്ധതിയിൽ തഴയപ്പെട്ട പരാതികൾ കുന്നുകൂടുമ്പോൾ ലഭിച്ച വീട് വേണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു തദ്ദേശ സ്ഥാപനത്തിൽ 17 കുടുംബങ്ങൾ. പെരിന്തൽമണ്ണ നഗരസഭയിലെ ലൈഫ് രണ്ടാം ഘട്ട പദ്ധതിയിൽ വന്ന 165ഓളം പേരുള്ള പട്ടികയിലെ 17 കുടുംബങ്ങളാണ് വീട് വേണ്ടെന്ന് പറഞ്ഞ് നഗരസഭയെ സമീപിച്ചത്.
വീടനുവദിക്കുന്നതിന് മുമ്പ് ഭൂമി സ്വന്തമാക്കാൻ കരുതിയവർക്ക് കരുതിയ ഭാഗത്ത് കിട്ടാത്തതും കുടുംബത്തിൽനിന്ന് അവകാശം ലഭിക്കാത്തതും ദമ്പതികൾ പിരിഞ്ഞതും സർക്കാർ നൽകുന്ന നാല് ലക്ഷം കൊണ്ട് വീട് പൂർത്തിയാക്കാൻ കഴിയാത്തതുമടക്കം വ്യത്യസ്തമാണ് കാരണങ്ങൾ.ഇതിൽ പകുതിയും ജനറൽ വിഭാഗക്കാരാണ്. ഇവരുടെ അപേക്ഷ സ്വീകരിച്ച് ചൊവ്വാഴ്ചയാണ് നഗരസഭ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.