മലപ്പുറം: ജില്ലയിൽ ‘ശൈലി’ ആപ്പ് വഴി ആരോഗ്യ വകുപ്പ് രണ്ടാംഘട്ട സർവേയിൽ ഇതുവരെ അർബുദ രോഗ പരിശോധന നിർദേശം നൽകിയത് 17,516 പേർക്ക്. ജില്ലയിലെ 3,200 ലധികം ആശ പ്രവർത്തകർ വഴി ജൂൺ മുതൽ ആരംഭിച്ച് നവംബർ 23 വരെ നടത്തിയ സർവേ പ്രകാരമാണിത്.
ജനസംഖ്യാടിസ്ഥാനത്തിൽ 30 വയസ്സിന് മുകളിൽ പ്രായം വരുന്നവരുടെ കൂട്ടത്തിൽ നടക്കുന്ന സാംക്രമികേതര രോഗ (നോൺ കമ്യൂണിക്കബിൾ ഡിസീസ്- എൻ.സി.ഡി) സർവേയുടെ ഭാഗമായാണ് കണ്ടെത്തൽ. 5,36,776 പേരിലാണ് സർവേ പൂർത്തിയാക്കിയത്. രണ്ടാംഘട്ടം ആകെ 23,17,981 പേരിലാണ് സർവേ നടക്കുന്നത്. സ്ത്രീകളിലെ സ്തനാർബുദ ലക്ഷണങ്ങൾക്കാണ് ഏറ്റവും കൂടുതൽ പേരെ രോഗ നിർണയത്തിന് അയച്ചത്. 8,801 പേരെ നിർണയത്തിന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
പട്ടികയിൽ രണ്ടാമത് ഗർഭാശയ അർബുദമാണ്. 4,976 പേരെ ഇതുവരെ പരിശോധനക്ക് വിധേയമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വായിലെ കാൻസർ ലക്ഷണങ്ങൾക്ക് 3,739 പേരെയും പരിശോധനക്ക് നിർദേശിച്ചു. രോഗം കണ്ടെത്തുന്നവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ കാൻസർ കെയർ പോർട്ടലിലേക്ക് കൈമാറുകയാണ്.
കൂടാതെ ആരോഗ്യ വകുപ്പ് രോഗികളുടെ വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കാനായി കാൻസർ രജിസ്ട്രി എന്ന പോർട്ടലിനും തുടക്കമിട്ടു. ഏതൊക്കെ പ്രദേശങ്ങളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ഇതുവഴി കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജില്ലയിൽ രണ്ടാംഘട്ട സർവേ ജൂൺ-ജൂലൈ മാസങ്ങളിൽ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഇടക്ക് വെച്ച് താത്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് ഒക്ടോബർ 20 മുതലാണ് വീണ്ടും പുനരാരംഭിച്ചത്. നേരത്തെ ഡിസംബറിൽ പൂർത്തീകരിക്കാനായിരുന്നു നിർദേശം. ഇടക്ക് മുടങ്ങിയതോടെ സമയം നീട്ടി നൽകി 2025 മാർച്ചിനകം പൂർത്തീകരിക്കാൻ അനുവദിച്ചിട്ടുണ്ട്.
ആശ വർക്കർമാർ ശൈലി ആപ്പ് വഴി പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ലഭിക്കുന്ന മറുപടിയിലൂടെയാണ് അർബുദ നിർണയത്തിന് ആളുകളെ നിർദേശിക്കുന്നത്. ഈ നിർദേശിക്കപ്പെടുന്ന ആളുകൾക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങലിലൂടെ രോഗ നിർണയവും തുടർചികിത്സയും ഉറപ്പാക്കി വരികയാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.