മൊറയൂര്‍: മിനി ഊട്ടിക്കടുത്ത് തോട്ടേരി പാറയില്‍ നിരത്തുവക്കില്‍ മൃഗക്കൊഴുപ്പ് മാലിന്യം തള്ളിയ വാഹനം നാട്ടുകാരുടെ സഹായത്തോടെ മൊറയൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരും കൊണ്ടോട്ടി പൊലീസും ചേര്‍ന്ന് പിടികൂടി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വലിയ തോതില്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം തള്ളിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാഹനം തടഞ്ഞുവെച്ച് ഗ്രാമപഞ്ചായത്തില്‍ വിവരം അറിയിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് പരിധിയില്‍ മിനി ഊട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മൃഗക്കൊഴുപ്പ് ആട്ടുന്ന എം ഫാറ്റ് എക്സാട്രാക്ഷന് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് മാലിന്യം കൊണ്ടുവന്നതെന്ന് വ്യക്തമായതോടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡരികിലെ 15 അടി താഴ്ചയില്‍ വ്യാപകമായ രീതിയിലാണ് മാലിന്യം തള്ളിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മല്‍, അംഗങ്ങളായ എ.കെ. നവാസ്, കെ.സി. നഫ്ലു നിസ, അസി. സെക്രട്ടറി പി. ഭാസ്കരന്, കൊണ്ടോട്ടി പൊലീസ് എ.എസ്.ഐ അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. അജൈവ മാലിന്യം കൃത്യമായും ശാസ്ത്രീയമായും സംസ്കരിക്കാതെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ പൊതുസ്ഥലത്ത് തള്ളിയതിന് സ്ഥാപനത്തിനെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 219 പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി സല്‍മ ബീവി അറിയിച്ചു. വാഹനത്തിന് അര ലക്ഷം രൂപ പിഴയിട്ടിട്ടുണ്ട്.
താഴ്ന്ന ഭൂപ്രദേശത്ത് നിക്ഷേപിച്ച മാലിന്യം പൂര്‍ണമായും ശാസ്ത്രീയമായി സംസ്കരിക്കാന്‍ സ്ഥാപന നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്കി. മാലിന്യം നീക്കുകയും പിഴയൊടുക്കുകയും ചെയ്യാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തുമായി മൊറയൂര്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നേരത്തെയും ഇതേ വാഹനത്തില്‍ മാലിന്യമെത്തിച്ച് തള്ളിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണവും ശുചിത്വവും കൃത്യമായി പാലിക്കാത്തതിന് ഈ സ്ഥാപനത്തിന് നേരത്തെയും ഗ്രാമപഞ്ചായത്ത് പിഴ ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.