മലപ്പുറം: പ്രധാന കേന്ദ്രങ്ങളിലും ഇടവഴികളിലും തെരുവ് വിളക്കുകൾ മിഴിയടച്ചതോടെ ഇരുട്ടിലായി മലപ്പുറം നഗരം. രണ്ട് മാസത്തിലധികമായി വാർഡ് തലങ്ങളിലടക്കം തെരുവ് വിളക്കുകൾ കേട് വന്ന് കിടക്കുകയാണ്. ഇതോടെ രാത്രികാല യാത്ര ഏറെ ദുഷ്കരമായി. തകരാറിലായ വിളക്കുകൾ പുനഃസ്ഥാപിക്കാത്തത് വാർഡ് തലങ്ങളിൽ നിന്ന് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രധാന പ്രദേശങ്ങളെല്ലാം ഇരുട്ടിലായത് കാരണം ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും കാൽനട യാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ തെരുവ് നായ് ശല്യം കൂടി വർധിച്ചതോടെ രാത്രി യാത്ര ഭീതി നിറഞ്ഞ സാഹചര്യത്തിലാണ്.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് രാത്രിയാത്രക്കാർക്ക് താത്കാലികമായെങ്കിലും ആശ്വാസം. സ്ഥാപനങ്ങൾ രാത്രി 10 ഓടെ അടച്ചാൽ സ്ഥിതി ഗുരുതരമാണ്. കുന്നുമ്മല്‍-മൂന്നാംപടി റൂട്ട്, മൂന്നാംപടി- മുണ്ടുപറമ്പ് റൂട്ട്, കാവുങ്ങല്‍-മച്ചിങ്ങല്‍ ബൈപ്പാസ്, കുന്നുമ്മല്‍-കോട്ടപ്പടി നഗരസഭാ ബസ് സ്റ്റാന്‍ഡ് റൂട്ട്, എം എസ് പി-കൂട്ടിലങ്ങാടി റൂട്ട്, കോട്ടപ്പടി-നൂറാടി എന്നിവിടങ്ങളില്‍ രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ റോഡ് ഇരുട്ടില്‍ മുങ്ങിയ നിലയിലാണ്.
40 വാർഡുകളിലെയും പ്രാദേശിക ഊടുവഴികളും സമാന സ്ഥിതിയാണ്. നഗരസഭയുടെ മേൽനോട്ടത്തിലുടെ 2,800 ഓളം വിളക്കുകളാണ് കേട് വന്ന സ്ഥിതിയിലുള്ളത്. വാർഷിക അറ്റകുറ്റ പണി കാലാവധി കഴിഞ്ഞതോടെ ഇവ മാറ്റി സ്ഥാപിക്കാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇനി പദ്ധതി ഭേദഗതിയിൽ ഉൾപെടുത്തി പുതുതായി കരാർ വെച്ചാൽ മാത്രമേ കേടുവന്നവ പുനഃസ്ഥാപിക്കാനാകൂ.
നേരത്തെ 10 ലക്ഷം രൂപ ചെലവഹിച്ചാണ് കേടുവന്നവ പുനഃ സ്ഥാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറിയതോടെ പദ്ധതി ഭേദഗതിയിൽ ഉൾപ്പെടുത്തി പദ്ധതി ടെണ്ടറിന് ക്ഷണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.