തേഞ്ഞിപ്പലം: വൈദ്യുതിച്ചെലവ് പകുതിയായി കുറക്കുന്നത് ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാല സൗരോര്‍ജപ്പാടം ഒരുക്കുന്നു. ഓണ്‍ ഗ്രിഡിലേക്ക് വൈദ്യുതി നല്കുന്ന തരത്തില്‍ ഒന്നര മെഗാവാട്ട് ഉൽപാദന ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിക്കായി കെ.എസ്.ഇ.ബി അധികൃതരും സര്‍വകലാശാലയും പ്രാഥമിക ചര്‍ച്ച നടത്തി. പദ്ധതിയിലൂടെ പ്രതിവര്‍ഷം 18 ലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ശരാശരി 2.7 ലക്ഷം യൂനിറ്റാണ് സര്‍വകലാശാലയുടെ പ്രതിമാസ ശരാശരി ഉപഭോഗം. വര്‍ഷത്തില്‍ 32.4 ലക്ഷം യൂനിറ്റ് വരെ വേണ്ടി വരും. സൗരോര്‍ജ പദ്ധതി പ്രാവര്‍ത്തികമായാല്‍ വൈദ്യുതി ബിൽ ഇനത്തില്‍ പ്രതിവര്‍ഷം 1.26 കോടി രൂപ ലാഭിക്കാനാകും. 10 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏഴു വര്‍ഷം കൊണ്ട് തന്നെ ഈ തുക മുതലാകും. നിലവില്‍ സര്‍വകലാശാല കാമ്പസിലെ വിവിധ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലായി 305 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനലുകളുണ്ട്. പ്രതിദിനം 915 യൂനിറ്റ് വൈദ്യുതി വരെ ഇത്തരത്തില്‍ ലഭിക്കുന്നു. കാമ്പസിന്റെ പടിഞ്ഞാറ് ഭാഗത്ത് സയന്‍സ് ബ്ലോക്കിന് സമീപത്തെ തരിശു ഭൂമിയിലാണ് പുതുതായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇതിന് മുന്നോടിയായി വിശദമായ പദ്ധതി റിപ്പോര്‍ട്ടും പ്രായോഗികതാ പഠനവും നടത്തേണ്ടതുണ്ട്. കെ.എസ്.ഇ.ബിയുമായി ധാരണാപത്രം ഒപ്പുവെച്ചാല്‍ വൈകാതെ നിര്‍മാണ ജോലികള്‍ തുടങ്ങും. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ഡയറക്ടര്‍ അഡ്വ. വി. മുരുഗദാസ്, വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്തി. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ദീന്, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. റിച്ചാര്‍ഡ് സ്കറിയ, സര്‍വകലാശാല എൻജിനീയര്‍ ജയന് പാടശ്ശേരി, കെ.എസ്.ഇ.ബി എൻജിനീയര്‍മാരായ എം.ടി. പങ്കജാക്ഷന്, ഒ.പി. വേലായുധന്, എ. അഭിലാഷ്, പി.വി. സുപ്രിയ, എം. ജമീല്‍ മുഹമ്മദ്, വി.സി. ജിനീഷ്, സര്‍വകലാശാല ഫിസിക്സ് വിഭാഗം പ്രഫസര്‍ ഡോ. എം.എം. മുസ്തഫ, സര്‍വകലാശാല എൻജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.