മലപ്പുറം: തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ അനിമൽ െബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ജില്ല പഞ്ചായത്ത് ഉപേക്ഷിക്കുന്നു. ജില്ലയിൽ പദ്ധതി നടപ്പാക്കിയിരുന്ന എറണാകുളത്തെ ദയ കുടുംബശ്രീ യൂനിറ്റിന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അയോഗ്യത കൽപിച്ചതോടെയാണ് നിർത്തുന്നത്. തെരുവുനായ് ശല്യം രൂക്ഷമായതായി വിവിധ ഇടങ്ങളിൽനിന്നും പരാതികൾ വ്യാപകമാണ്. ശല്യം രൂക്ഷമായ ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിക്കായി നിരന്തരം ജില്ല പഞ്ചായത്തിനെ സമീപിക്കുന്നതിനിടെയിലാണ് നിർത്തേണ്ടി വന്നത്. പ്രസിഡൻറ് എം.കെ. റഫീഖയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല പഞ്ചായത്ത് യോഗത്തിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സറീന ഹസീബാണ് ഇക്കാര്യം അറിയിച്ചത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ എ.ബി.സി പദ്ധതിക്കായി ഒരുകോടി രൂപ ജില്ല പഞ്ചായത്ത് മാറ്റിവെച്ചിരുന്നു. ഇതില്‍ 53,85,499 രൂപ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. ബാക്കി 46,14,501 രൂപ 2019-20ൽ ചെലവഴിച്ചു. ഇതില്‍ ബാക്കി 21,16,026 രൂപയാണുണ്ടായിരുന്നത്. ഈ തുക പ്രയോജനപ്പെടുത്തിയാണ് ഒരുവര്‍ഷമായി നിര്‍ത്തിവെച്ച പദ്ധതി ഇൗ വർഷം ജൂണ്‍ 10ന് തുടങ്ങിയത്.
ആദ്യഘട്ടത്തില്‍ മലപ്പുറം നഗരസഭയിലും തുടർന്ന് വിവിധ തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കി. മുന്‍ഗണന നോക്കിയായിരുന്നു തദ്ദേശ സ്ഥാപനങ്ങളെ നിശ്ചയിച്ചിരുന്നത്. തെന്നല, പൊന്നാനി, പെരുവള്ളൂര്‍, മുന്നിയൂര്‍, തിരൂര്‍, ചേലേമ്പ്ര തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പാക്കാന്‍ നിശ്ചയിച്ച ഘട്ടത്തിലാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഹൈകോടതിയെ സമീപിച്ചത്. ഇതോടെ പദ്ധതി മുടങ്ങി. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തില്‍ നിലവിലുള്ള തുക വിനിയോഗിച്ച് പദ്ധതി പൂര്‍ത്തീകരിക്കാമെന്നും കൂടുതല്‍ തുക പദ്ധതിക്ക് ഉപയോഗിക്കരുതെന്നും നിര്‍ദേശം വന്നു. വന്ധ്യംകരണ പ്രവൃത്തി നടത്തുന്ന കുടുംബശ്രീ യൂനിറ്റിന് മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അയോഗ്യത കൽപിച്ചതോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാനാകാതെ വന്നത്.
നിലവില്‍ 594 തെരുവുനായ്ക്കളെ പദ്ധതി വഴി വന്ധ്യംകരണത്തിന് വിധേയമാക്കി. ഇതിനായി 12,47,400 രൂപയും അനുവദിച്ചു. ഇനി 8,68,626 രൂപ ജില്ല പഞ്ചായത്തിന് കൈയില്‍ ബാക്കിയുണ്ട്. അതത് പഞ്ചായത്തുകള്‍ക്ക് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍തലത്തില്‍ അനുവാദം വേണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യം.
കോഴിമാലിന്യ സംസ്കരണ പദ്ധതിയും ഉപേക്ഷിച്ചു
ജില്ല പഞ്ചായത്തിന് കീഴിലെ കോഴിമാലിന്യ സംസ്കരണ പദ്ധതി അധികൃതര്‍ ഉപേക്ഷിച്ചു. ഇതിെൻറ ഭാഗമായി ഏട്ട് കോഴിമാലിന്യ സംസ്കരണ പ്ലാൻറുമായി ഒപ്പിട്ട കരാറും അധികൃതര്‍ റദ്ദാക്കി. കരാർ പ്രകാരം ജില്ല പഞ്ചായത്തിന് ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. കൂടാതെ പ്ലാൻറുകളുമായി ബന്ധപ്പെട്ട നടത്തിയ പരിശോധനയില്‍ പലതും പ്രവര്‍ത്തിക്കുന്നത് അശാസ്ത്രീയമാണെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും കണ്ടെത്തിയതായി യോഗത്തില്‍ റഫീഖ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.