മലപ്പുറം: നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. രാത്രിയാകുന്നതോടെ നഗരത്തിലെ പ്രധാന ഇടങ്ങൾ തെരുവുനായ്ക്കളുടെ കേന്ദ്രമാകുകയാണ്. കുന്നുമ്മലിലും പരിസരപ്രദേശത്തുമാണ് ശല്യം രൂക്ഷമാകുന്നത്. കുന്നുമ്മലിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ രാത്രിയിൽ വരുന്നവർക്ക് അടക്കം ഭീഷണിയാകുകയാണ് തെരുവുനായ്ക്കൾ. സമീപത്തെ കെട്ടിടങ്ങളിലും ഓഫിസുകളിലും ഇവർ എത്തുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും നേരെയും ഇവർ ആക്രമിക്കാനായി ശ്രമിക്കാറുണ്ട്. മഞ്ചേരി റോഡിൽ വാഹനങ്ങൾക്ക് നേരെ നായ്ക്കൾ ഓടുന്നതും വലിയ ഭീഷണിയാണ്.
കഴിഞ്ഞദിവസം കുന്നുമ്മലിൽ കെട്ടിടത്തിൽ നിർത്തിയിട്ട ഇരുചക്ര വാഹനത്തിന്‍റെ സീറ്റ് കടിച്ചുനശിപ്പിച്ചു. സമാനമായി വിവിധ ഇടങ്ങളിലും അക്രമിക്കുന്നുണ്ട്. നായ്ക്കൾ കാൽനട-വാഹന യാത്രക്കാർക്ക് നേരെ കുരച്ചുചാടുകയും ചെയ്യുന്നു. മലപ്പുറം-മഞ്ചേരി റോഡ്, കോട്ടക്കുന്ന് റോഡ് എന്നിവിടങ്ങളിലും രാത്രിയാകുന്നതോടെ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. തെരുവുനായ് ശല്യം രൂക്ഷമായതിനെ തുടർന്ന് നേരത്തേ വന്ധീകരണ പരിപാടി (എ.ബി.സി) നഗരസഭയുടെയും ജില്ല പഞ്ചായത്തിന്‍റെയും അടക്കം നേതൃത്വത്തിൽ നടത്തിയിരുന്നു. പദ്ധതിയുടെ നിർവഹണ ചുമതലയുള്ള ഏജൻസിക്ക് അയോഗ്യത കൽപിച്ചതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇതോടെ, തെരുവുനായ് ശല്യം രൂക്ഷമാകുകയാണ്.
വീണ്ടും അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തിയാൽ മാത്രമേ പദ്ധതി പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.