പെരുമ്പടപ്പ്: മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകൾ പൂർണമായും വെളിയങ്കോട് പഞ്ചായത്തിലെ ചില വാർഡുകളും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചതോടെ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കർശന നിയന്ത്രണമേർപ്പെടുത്തി. സംസ്ഥാന പാതയിലേക്ക് തുറക്കുന്ന ഗ്രാമീണ റോഡുകൾ മിക്കതും അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രങ്ങളുടെ ഭാഗമായി അടച്ചിടുന്ന റോഡുകൾ രാത്രി കാലങ്ങളിൽ പ്രദേശവാസികൾ തുറന്നിടുന്നത് പൊലീസും നാട്ടുകാരും തമ്മിൽ തർക്കത്തിനും കാരണമാവുന്നുണ്ട്. ജില്ല അതിർത്തിയായ വന്നേരിയിലും തങ്ങൾപ്പടിയിലും കർശന നിയന്ത്രണങ്ങളോടെയാണ് പൊലീസ് പ്രവേശനം അനുവദിക്കുന്നത്.
മാറഞ്ചേരി ഗ്രാമപഞ്ചായത്തിനെ കെണ്ടയ്ൻമെൻറ് സോണാക്കി പ്രഖ്യാപിച്ചതിെൻറ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് സംസ്ഥാന പാതയിൽ നിന്നും കാഞ്ഞിരമുക്ക് ഭാഗത്തേക്ക് പോകുന്ന റോഡ് കവുങ്ങും ബാരിക്കേഡും വെച്ച് അടച്ചതിനെ തുടർന്ന് കാഞ്ഞിരമുക്ക് സ്വദേശി പൊലീസിനെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതായി പൊലീസ് പറയുന്നു. പെരുമ്പടപ്പ് സ്റ്റേഷൻ ഓഫിസറോട് അസഭ്യമായ രീതിയിൽ സംസാരിച്ചതായും ഇവ നവ മാധ്യമങ്ങൾ വഴി വോയ്സ് മെസേജുകൾ ആയി അയച്ചതായും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചും പെരുമ്പടപ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അതേസമയം, ലോക്ഡൗണുമായി ബന്ധപ്പെട്ട് മലപ്പുറം- തൃശൂർ ജില്ല അതിർത്തിയിൽ പരിശോധന ശക്തമാക്കി. മറ്റു ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ പൂർണരിശോധിച്ച് അത്യാവശ്യ സർവിസുകൾക്ക് മാത്രമാണ് പൊന്നാനി താലൂക്കിലൂടെ അനുമതി നൽകിയത്. ജില്ല അതിർത്തിയോട് ചേർന്ന് പൊലീസിെൻറ പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയാണ് പരിശോധന. ബൈക്ക് പട്രോളിങ്ങും മേഖലയിൽ നടക്കുന്നുണ്ട്. ജില്ല അതിർത്തിയോട് ചേർന്നുള്ള ഊടുവഴികളിലൂടെ യാത്രക്കാർ കടന്നു പോകാതിരിക്കാൻ ഈ വഴികളും അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.