മലപ്പുറം: ആർ.എസ്.എസിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. മലപ്പുറം ടൗൺഹാളിൽ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ച കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ഇടമായി സർവകലാശാലകളെ മാറ്റാനുള്ള ശ്രമമാണ് ഗവർണറിലൂടെ സംഘപരിവാറിന്റേത്. ഈ വെല്ലുവിളിക്ക് മുന്നിൽ മുട്ടുമടക്കിയാൽ ദുർബലപ്പെടുന്നത് കേരളമാകും. ആർ.എസ്.എസ് മനസ്സിൽ വിചാരിക്കുന്നത് ഒരു മടിയുമില്ലാതെ നടത്തിക്കൊടുക്കുന്ന അടിമ മനോഭാവത്തിലാണ് അദ്ദേഹം. ഗവർണർ എന്ന പദത്തിനെ അദ്ദേഹം മലിനമാക്കി. ഗവർണറുടെ വിഷയത്തിൽ മുസ്ലിം ലീഗ് സർക്കാറിന് അനുകൂലമായ നിലപാട് എടുത്തിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് ഈ നിലപാടിനെ പിന്തുണക്കാത്ത സമീപനമാണ് ഇപ്പോൾ പുലർത്തുന്നതെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം ചെയ്തു. ഗവർണറെ പിന്തുണക്കുന്ന കോൺഗ്രസ് നേതൃത്വം ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ പി.കെ. കൃഷ്ണദാസ് സ്വാഗതവും മലപ്പുറം മണ്ഡലം കൺവീനർ സുന്ദർരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.