എ.ആർ.നഗർ: അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളുടെയും പരിസരവും ചുറ്റുപാടുമുള്ള വ്യാപാര സ്ഥാപനങ്ങളും പുകയില മുക്തമായി പ്രഖ്യാപിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി എ.ആർ നഗറിനെ ശനിയാഴ്ച പ്രഖ്യാപിക്കും. പുകയൂരിലെ മലബാർ സെൻട്രൽ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രി ഉൾപ്പെടെ ജനപ്രതിനിധികളും പങ്കെടുക്കും. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളുടെയും നൂറു മീറ്റർ ചുറ്റളവിൽ റോഡിൽ മഞ്ഞവരകൾ വരച്ച് അതിർത്തി രേഖപ്പെടുത്തി, സ്കൂൾ ഗേറ്റിൽ പുകയിലമുക്ത പഞ്ചായത്തെന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പുകയില രഹിത സ്കൂളെന്ന സന്ദേശം വിദ്യാർഥികളിലെത്തിക്കാൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രഖ്യാപന ദിവസം പഞ്ചായത്തിലെ ഏഴ് സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. രാവിലെ പത്തിന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തിലെ 13 സ്കൂളുകളാണ് പുകയില-ലഹരി മുക്തമാക്കുന്നത്.
സ്കൂളുകളുടെ നൂറുവാര ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. വിദ്യാർഥികൾക്ക് ആരോഗ്യബോധവത്കരണം നൽകും. തുടർപ്രവർത്തനം ഏകോപിപ്പിക്കാൻ പി.ടി.എ, എം.ടി.എ, സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തും. ആരോഗ്യവകുപ്പ് നേതൃത്വത്തിൽ, ഗ്രാമപഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മലപ്പുറത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിൻ, എ.ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ, വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സി. ജിഷ, സി.കെ. സുരേഷ് കുമാർ, പി.വി. മുഹമ്മദ് ഫൈസൽ, സി.കെ. നാസർ അഹമ്മദ്, കെ.കെ. അഷ്റഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.