കാളികാവ്: ചോക്കാട് മരുതങ്കാട് അയ്യപ്പക്ഷേത്രത്തിലെ മോഷണം പോയ ഭണ്ഡാരം തോട്ടത്തിൽ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്ന ഭണ്ഡാരം കാളികാവ് സി.ഐ എം. ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഭണ്ഡാരം തകർക്കാൻ ഉപയോഗിച്ച ചുറ്റികയും കുത്തുളിയും സമീപത്തുനിന്ന് കണ്ടെടുത്തു. ഫോറൻസിക് സംഘവും ഡോഗ് സ്കോഡും സ്ഥലത്തെത്തി. ചുറ്റികയുടെയും ഉളിയുടേയും മണം പിടിച്ച് ഓടിയ പൊലീസ് നായ് നിർമാണം നടക്കുന്ന വീടിന് സമീപത്താണ് ചെന്നുനിന്നത്. ഭണ്ഡാരം പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ നിർമാണ സ്ഥലത്ത് നിന്ന് എടുത്തതാകാമെന്നാണ് നിഗമനം.
ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വെച്ച സ്റ്റീൽ ഭണ്ഡാരം ശനിയാഴ്ച രാവിലെയാണ് കാണാതായത് ശ്രദ്ധയിൽപെട്ടത്. മൂന്നുമാസമായി ഭണ്ഡാരം തുറന്നിട്ടില്ല. പ്രതിഷ്ഠാ ദിനാഘോഷത്തിലെ കാണിക്ക ഉൾപ്പെടെ വലിയ തുക ഭണ്ഡാരത്തിൽ ഉണ്ടാകുമെന്നാണ് ക്ഷേത്രഭാരവാഹികളുടെ നിഗമനം. ഭണ്ഡാരവും മറ്റ് തൊണ്ടി സാധനങ്ങളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.