മലപ്പുറം: ഫുട്ബാൾ പ്രേമികളുടെ തട്ടകമായ മലപ്പുറത്ത് മെസ്സിയുൾപ്പെടെ ലോകതാരങ്ങളുടെ കട്ടൗട്ടുകൾ ഉയരുംപോലെ ജില്ലയിലെ താരങ്ങളുടെ കട്ടൗട്ടുകൾ ഉയരുന്ന കാലം വരണമെന്ന് പുതുതായി ചുമതലയേറ്റ ജില്ല കലക്ടർ വി.ആർ. വിനോദ്. ഇതിനായി മികച്ച കളിക്കളമുൾപ്പെടെ പദ്ധതികൾക്ക് വേണ്ടി പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചുമതലയേറ്റ ശേഷം മലപ്പുറം കലക്ടറേറ്റിൽ ‘മാധ്യമ’ത്തോടു സംസാരിക്കുകയായിരുന്നു വി.ആർ. വിനോദ്. എല്ലാ പദ്ധതികൾക്കും സർക്കാറിനെ കാത്തുനിൽക്കുന്നതിന് പകരം സ്വകാര്യസംരംഭകരുടെ സഹകരണത്തോടെ നാടിന് ഉപകരിക്കുന്ന പദ്ധതികൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മികച്ച സ്റ്റേഡിയമുൾപ്പെടെ പദ്ധതികൾ സർക്കാർ -സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാവുമോ എന്ന് പരിശോധിക്കും. അത് ഈ നാടിന്റെ കായിക വളർച്ചക്ക് കരുത്താകും.
ഒരുപാട് സാധ്യതകളുള്ള ജില്ലയാണ് മലപ്പുറം എന്നാണ് മനസ്സിലാവുന്നത്. എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താൻ തുറന്ന സമീപനമായിരിക്കും കലക്ടർ എന്ന നിലയിൽ സ്വീകരിക്കുക. വികസനകാര്യങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള കൂട്ടായ്മ ശക്തിപ്പെടുത്തും. പല വികസനപദ്ധതികൾക്കും വകുപ്പുകൾ തമ്മിലുള്ള ‘ഈഗോ’ തടസ്സമാവാറുണ്ട്.
ഇതൊഴിവാക്കാൻ കലക്ടറുടെ ഇടപെടലും കൂട്ടായ ചർച്ചകളുംകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീം വർക്ക് ആണ് എല്ലാ കാര്യത്തിലും വേണ്ടത്. നിയമപരമായ തടസ്സങ്ങളില്ലെങ്കിൽ പദ്ധതികൾ യാഥാർഥ്യമാക്കാൻ സാധിക്കും. തമ്മിൽ സംസാരിച്ച് തടസ്സങ്ങൾ നീക്കി കാര്യങ്ങൾ നടപ്പാക്കുക എന്നതായിരിക്കും തന്റെ നയം. മികച്ച ആശയവുമായി വരുന്ന സംരംഭകരെ നിരാശരാക്കി തിരിച്ചയക്കുന്ന സമീപനം ജില്ലയിൽ ഉണ്ടാവില്ല.
മലപ്പുറത്ത് നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും തട്ടുകടകൾ ധാരാളമുണ്ട്. ഭക്ഷ്യമേഖല ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുന്നതുകൂടിയാണ്. പ്രത്യേകിച്ച് മലബാറിന്റെ ഭക്ഷണം വലിയ സ്വീകാര്യതയുള്ളതാണ്. അതിന് അന്താരാഷ്ട്രതലത്തിൽ സ്വീകാര്യതയുണ്ടാക്കാൻ സാധിക്കും.
തട്ടുകടകൾക്ക് മാത്രമായി ‘ഫുഡ് സ്ട്രീറ്റ്’ എന്ന ആശയം ആവിഷ്കരിക്കാൻ പറ്റുമോ എന്ന് നോക്കും. സുരക്ഷിതമായ ഭക്ഷണം ആളുകൾക്ക് ലഭ്യമാക്കാൻ ഈ പദ്ധതികൊണ്ട് സാധിക്കും. ‘ഫൈവ് സ്റ്റാർ’ സൗകര്യങ്ങളോടെ തട്ടുകടകളിൽനിന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്ന സാഹചര്യമൊരുക്കാൻ പറ്റും.
മുൻ ഭക്ഷ്യസുരക്ഷ കമീഷണർ എന്ന നിലക്ക് ഈ മേഖലയിൽ പല ആശയങ്ങളുമുണ്ട് എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫുഡ് സ്ട്രീറ്റ് പദ്ധതിക്ക് ഭൂമി വിട്ടുനൽകാൻ സ്വകാര്യവ്യക്തികൾക്ക് അവസരം നൽകും.
അതിലേക്ക് റോഡ് -പൊതു ടോയ്ലറ്റ് ഉൾപ്പെടെ പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്നതിനും ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിനും ഭക്ഷണത്തിന്റെ നിലവാരമുയർത്തുന്നതിനും മേൽനോട്ടത്തിനും സർക്കാറിന് പങ്കുവഹിക്കാനാവും.
സംസ്ഥാന സർക്കാറിന്റെ ക്ലീൻ കേരള പദ്ധതിക്ക് ജില്ലയിൽ മുന്തിയ പരിഗണന നൽകും. മാലിന്യത്തിന്റെ ഉൽപാദനം കുറക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് നല്ലത്. ഉദാഹരണത്തിന് ഹോട്ടലുകളിൽ പാർസൽ വാങ്ങാൻ പാത്രവുമായി വരുന്നവർക്ക് നിശ്ചിത ശതമാനം ഇളവ് നൽകുക. ഇതുകൊണ്ട് പല ഗുണങ്ങളുണ്ട്. ഒന്ന് ഭക്ഷണം പൊതിയുന്ന വസ്തു സംസ്കരിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം.
മറ്റൊന്ന് പൊതിയാനുപയോഗിക്കുന്ന വസ്തുവുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് മാലിന്യസംസ്കരണ പദ്ധതികളുടെ ചുമതല. ഈ മേഖലയിൽ ജില്ല ഭരണകൂടത്തിന്റെ സഹകരണംകൂടി നൽകും.
ജനങ്ങൾക്ക് കലക്ടറെ നേരിൽകണ്ട് പരാതി പറയാൻ കൂടുതൽ സമയം അനുവദിക്കും. ഉച്ചക്ക് ഒന്ന് മുതൽ 1.30 വരെയും 3.30 മുതൽ 4.00 മണി വരെയും പരാതിക്കാരെ നേരിട്ട് കേൾക്കാനാണ് ഉദ്ദേശിക്കുന്നത്. പരാതിയുമായി എത്തുന്ന എല്ലാരെയും കേൾക്കും. കലക്ടർ ഇല്ലെങ്കിൽ മറ്റ് ഉദ്യോഗസ്ഥരെ കണ്ട് പരാതി പറയാൻ അവസരമുണ്ടാവും.
മലപ്പുറം: ജില്ല കലക്ടറായി 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആര്. വിനോദ് ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ 10.15നാണ് അദ്ദേഹം കലക്ടറേറ്റിലെത്തി ചുമതലയേറ്റത്. കലക്ടര്‍ പദവിയില്‍നിന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന വി.ആര്. പ്രേംകുമാര്‍ അദ്ദേഹത്തിന് ചുമതല കൈമാറി.
സ്ഥാനമൊഴിയുന്ന കലക്ടര്‍, എ.ഡി.എം എന്‍.എം. മെഹറലി എന്നിവര്‍ പൂച്ചെണ്ട് നല്കി പുതിയ കലക്ടറെ സ്വീകരിച്ചു. സബ് കലക്ടര്‍മാരായ സച്ചിന് കുമാര്‍ യാദവ്, ശ്രീധന്യ സുരേഷ്, അസി. കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, മറ്റ് ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന ഭക്ഷ്യ സുരക്ഷ കമീഷണര്‍ പദവിയില്‍നിന്നാണ് വി.ആര്. വിനോദ് ജില്ല കലക്ടറായി എത്തുന്നത്. സംസ്ഥാന സര്‍വിസില്‍ വരുന്നതിന് മുമ്പ് കേന്ദ്ര സര്‍വിസിലെ ഉദ്യോഗസ്ഥനായിരുന്നു. റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ ആയാണ് സംസ്ഥാന സര്‍വിസില്‍ പ്രവേശിച്ചത്. ഇടുക്കി, അടൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ ആര്.ഡി.ഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റും ആയിരുന്നു.
കയര്‍ വികസന വകുപ്പ് ഡയറക്ടര്‍, കയര്‍ഫെഡ് എം.ഡി, നാഷനല്‍ കയര്‍ റിസര്‍ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചു. സുവോളയില് ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിച്ചുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: എസ്.കെ. സ്വപ്ന. രണ്ട് പെണ്മക്കള് വിദ്യാർഥിനികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.