മലപ്പുറം: മേൽമുറിയിൽ വില്ലേജ് ഓഫിസർ ഇല്ലാത്തത് അപേക്ഷകരെ വലക്കുന്നു. നേരത്തെ ഉണ്ടായിരുന്ന വില്ലേജ് ഓഫിസറെ ഫെബ്രുവരിയിൽ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. മാർച്ച് 20 വരെ സ്ഥലം മാറ്റം കിട്ടിയ വില്ലേജ് ഓഫിസർക്ക് തന്നെ മേൽമുറിയുടെ താൽക്കാലിക ചുമതല നൽകി പ്രശ്നം പരിഹരിച്ച് വരികയായിരുന്നു. മാർച്ച് 20ന് ശേഷം പാണക്കാട് വില്ലേജ് ഓഫിസർക്ക് മേൽമുറിയുടെ അധിക ചുമതല കൈമാറിയതോടെ പ്രശ്നം രൂക്ഷമായി. പാണക്കാടിന്റെ ചുമതലക്കിടെ മേൽമുറിയിൽ കൃത്യമായി എത്താനോ അപേക്ഷകരുടെ ഫയലുകൾ പരിശോധിക്കാനോ സാധിക്കാതെ വന്നിരിക്കുകയാണ്. ഇതോടെ വില്ലേജിലെത്തുന്ന അപേക്ഷകർ നിരാശയോടെ മടങ്ങേണ്ട സ്ഥിതിയാണ്. വരുമാന സർട്ടിഫിക്കറ്റിനടക്കം എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് അപേക്ഷകർ. അപേക്ഷകളിൽ എന്ത് പരിഹാരമുണ്ടാകുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ മറ്റ് ജീവനക്കാർ മടക്കി അയക്കുകയാണ് പതിവ്.
അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ച് സ്ഥിരം വില്ലേജ് ഓഫിസറെ നിയമിക്കണമെന്ന് അപേക്ഷകർ ആവശ്യപ്പെട്ടു. നഗരസഭയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 26, 27, 28, 29, 30, 39, 40 വാർഡുകളാണ് മേൽമുറി വില്ലേജ് പരിധിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.