തിരുനാവായ: ചരിത്രപ്രസിദ്ധമായ മാമാങ്കോത്സവത്തെ അനുസ്മരിച്ച് തിരുനാവായ റീ-എക്കൗയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി 2024 ജനുവരി 25 മുതൽ 28 വരെ നടത്തുന്ന മാമാങ്കോത്സവത്തിന്റെ വിളംബരം സംഘടിപ്പിച്ചു.
കോഴിക്കോട് തളി ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി ടി.ആർ. രാമവർമയാണ് വിളംബരം നടത്തിയത്. മൂന്ന് പതിറ്റാണ്ടായി ചരിത്രപണ്ഡിതനായിരുന്ന ഡോ. എൻ.എം. നമ്പൂതിരിയുടെ സഹായത്തോടെ തിരുനാവായ കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ-എക്കൗയാണ് വർഷംതോറും മാമാങ്ക അനുസ്മരണ ഉത്സവം നടത്തിവരുന്നത്.
268 വർഷത്തിനുശേഷം ആദ്യമായാണ് സാമൂതിരിയുടെ പ്രതിനിധി മാമാങ്കോത്സവം പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രപരിസരത്തുനിന്ന് വർഷംതോറും നടത്താറുള്ള അങ്കവാൾ പ്രയാണത്തോടെ തുടങ്ങി അങ്കപ്പയറ്റോടെ അവസാനിക്കും. മാമാങ്ക ചരിത്ര കുടുംബസന്ദർശനം, തിരുനാവായ ഗണിത മഹാമേള, നാവായ ഗരിമ, ആയോധന കലാമേള തുടങ്ങിയവ നടക്കും.
തളി ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ റീ-എക്കൗ പ്രസിഡന്റ് സി. കിളർ അധ്യക്ഷത വഹിച്ചു. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ വാഹിദ് പല്ലാര്‍, തളിക്ഷേത്ര പ്രതിനിധി പ്രദീപ് കോഴിക്കോട്, കെ.പി. അലവി, കെ.കെ. റസാക്ക് ഹാജി, ലത്തീഫ് കുറ്റിപ്പുറം, ചിറക്കൽ ഉമ്മർ, അയ്യപ്പൻ കുറുമ്പത്തൂർ, സി.വി. സുലൈമാൻ, ശ്രീരാം പി. സന്തോഷ്, എം.പി. വാസുദേവ് എന്നിവർ സംസാരിച്ചു.
മാമാങ്കോത്സവം നടത്തിപ്പിന് ഉള്ളാട്ടിൽ രവീന്ദ്രൻ ചെയർമാനായും കെ.കെ. റസാഖ് ഹാജി, കെ.വി. ഉണ്ണികുറുപ്പ് എന്നിവരെ വൈസ് ചെയർമാൻമാരായും എം.കെ. സതീഷ് ബാബുവിനെ ജനറൽ കൺവീനറായും സതീശൻ കളിച്ചാത്ത്, സി. കിളർ എന്നിവരെ ജോയന്റ് കൺവീനർമാരായും അംബുജൻ തവനൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.