തിരുനാവായ: സർവോദയ മേള തുടങ്ങിയ കാലം മുതൽ ഉയരുന്ന ആവശ്യമാണ് പ്രവർത്തകർക്ക് മേളക്ക് തവനൂരിലെത്താനും ശാന്തിയാത്ര കടന്നുപോകാനുമായി തവനൂരിൽ നിന്ന് തിരുനാവായയിലേക്ക് പാലം വേണമെന്നത്. അക്കാലത്ത് തവനൂർ റോഡ് നിലവിലില്ലാത്തതിനാൽ തിരുനാവായയിൽ ട്രെയിനിറങ്ങി സർവോദയ പ്രവർത്തകർ ഏറെ പ്രയാസപ്പെട്ട് തോണിമാർഗമാണ് തവനൂരിൽ എത്തിയിരുന്നത്.
തവനൂരിൽ നിന്ന് തിരുനാവായയിലേക്ക് ശാന്തിയാത്ര നടത്താനും ദുരിതമായിരുന്നു. ഇതേതുടർന്നാണ് മുൻ മേള കമ്മിറ്റി പ്രസിഡന്റ് തവനൂർ മനക്കൽ വാസുദേവൻ നമ്പൂതിരി മലബാർ ഡിസ്ട്രിക്ട്ബോർഡിൽ അംഗമായിരിക്കുമ്പോൾ കേളപ്പജിയുടെ അഭ്യർഥന മാനിച്ച് സർവോദയ മേളക്ക് ഭാരതപ്പുഴയിൽ താൽക്കാലിക പാലം നിർമിക്കണമെന്ന ആവശ്യം ബോർഡ് യോഗത്തിൽ ഉന്നയിച്ചത്. തുടർന്ന് യോഗം അത് അംഗീകരിക്കുകയും 1954 മുതൽ 1957 വരെ അതിന്റെ ചെലവ് വഹിക്കുകയും ചെയ്തു. പിന്നീടാണ് പൊതുമരാമത്ത് വകുപ്പ് ഇത് ഏറ്റെടുത്തത്. ഓരോ വർഷവും താൽക്കാലിക പാലം നിർമിക്കാനും മണൽ നീക്കി വഴിയൊരുക്കാനും ലക്ഷങ്ങളാണ് ചെലവ് വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് സർവോദയപുരത്തെയും മാമാങ്ക ഭൂമിയെയും ബന്ധിപ്പിച്ച് ഭാരതപ്പുഴയിൽ സ്ഥിരം പാലം വേണമെന്ന ആശയം ഉയർന്നുവന്നത്.
60 ഓളം സർവോദയ മേളകളിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കുകയും ഇക്കാര്യം മേള കമ്മിറ്റിയും മറ്റും നിരവധി തവണ ബന്ധപ്പെട്ടവരെ നേരിലും അല്ലാതെയും ധരിപ്പിച്ചതുമാണ്. സാംസ്കാരിക സംഘടനയായ റീ എക്കൗ തിരുനാവായ 20 വർഷത്തോളമായി അധികൃതരരോട് ഈ ആവശ്യം ഉന്നയിക്കുകയും ഏതാനും വർഷം മുമ്പ് തിരുനാവായ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായ പി.കുഞ്ഞിമുഹമ്മദ്ഹാജിയെക്കൊണ്ട് ഭാരതപ്പുഴുടെ വടക്കേക്കരയിൽ പ്രതീകാത്മക ശിലാസ്ഥാപനം നടത്തിക്കുകയും ചെയ്തിരുന്നു.
ഭാരതപ്പുഴയുടെ വടക്കെ കരയിലെ നാവാമുകുന്ദ ക്ഷേത്രത്തിലെത്തുന്ന ഭക്തർ മുമ്പ് പുഴ കടക്കാനാവാതെ തെക്കെ കരയിലെ ബ്രഹ്മ-ശിവക്ഷേത്രങ്ങളിൽ പോകാനാവാതെ ഇക്കരെ നിന്ന് അങ്ങോട്ട് നോക്കി തൊഴാറായിരുന്നു പതിവ്.
ഇതിനു പരിഹാരമായാണ് ഏഴു വർഷം മുമ്പ് ഡി.ടി.പി.സി ഭാരതപ്പുഴയിൽ തീർഥാടകത്തോണി സർവിസ് തുടങ്ങിയത്. മുങ്ങൽ വിദഗ്ധൻ പാറലകത്ത് യാഹുട്ടി നയിക്കുന്ന തോണിക്ക് താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ തുടർന്ന് അനുമതി നൽകാത്തതിനാൻ ആ സൗകര്യവും നിലച്ചു.
ഈ സാഹചര്യത്തിൽ, സെപ്റ്റംബർ എട്ടിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണ പ്രവർത്തനത്തിന് തുടക്കംകുറിക്കുന്ന തിരുനാവായ-തവനൂർ പാലം ആയിരക്കണക്കിന് ഭക്തർക്കും ഗാന്ധിയൻ സർവോദയപ്രവർത്തകർക്കും പുഴയുടെ ഇരുകരകളിലുമുള്ള നാട്ടുകാർക്കും ഏറെ അനുഗ്രഹമാകും.
പുഴയുടെ ഇരുകരകളിൽനിന്നും സർവോദയമേളക്കെത്താൻ സൗകര്യമേറുന്നതോടെ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും ഗാന്ധിയൻ-സർവോദയ പ്രവർത്തകരും തീർഥാടകരും വിനോദ സഞ്ചാരികളും മുമ്പത്തെപ്പോലെ ഒഴുകിയെത്തി മേളക്ക് പഴയ പ്രൗഢി കൈവരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.