തിരൂരങ്ങാടി (മലപ്പുറം): നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുമ്പുതന്നെ റാഫിയുടെ പ്രചാരണം. കരിമ്പിൽ ടൗൺ മുസ്ലിം ലീഗ് സെക്രട്ടറിയായ ഒള്ളക്കൻ മുഹമ്മദ് റാഫിയാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി ചുമരെഴുത്തുമായി രംഗത്തുവന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ പ്രചാരണ പ്രവർത്തനങ്ങളിൽ 49കാരനായ റാഫി സജീവമായി രംഗത്തുവരാറുണ്ട്. സ്വന്തം ചെലവിൽ കോണി ചിഹ്നങ്ങൾ ഒട്ടിച്ചും കോണിചിത്രങ്ങൾ ചുമരിൽ വരച്ചുമാണ് തുടക്കം. ഇത് പ്രചാരണ പരിപാടികൾ അവസാനിക്കുന്ന ദിവസം വരെ തുടരും.
ശനിയാഴ്ച മുതൽ റാഫി യു.ഡി.എഫ് പ്രചാരണ പരിപാടിയുമായി രംഗത്തെത്തി. കക്കാട് ഒള്ളക്കൻ അബ്ദുറഹ്മാൻകുട്ടിയുടെയും മറിയുമ്മയുടെയും മകനാണ്. 31 വർഷമായി കരിമ്പിൽ അങ്ങാടിയിലെ റേഷൻകട നടത്തിപ്പുകാരനാണ്. ഓർമവെച്ച നാൾ മുതൽ മുസ്ലിം ലീഗ് പ്രവർത്തകനാണ്.
ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത് 1980കളിൽ കെ. അവുക്കാദർ കുട്ടി നഹക്ക് വേണ്ടിയാണെന്ന് റാഫി ഓർത്തെടുക്കുന്നു. അന്ന് ചവിടി മണ്ണ് വെള്ളത്തിൽ കലക്കി ഉപയോഗിച്ചാണ് ചുമരുകളിൽ എഴുതിയിരുന്നത്. 1985 മുതൽ 1995 വരെ ഉള്ളി ചാക്കിൽ കുമ്മായം കൊണ്ട് വരച്ച് നിരവധി പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു രൂപ പോലും വാങ്ങാതെയായിരുന്നു അന്ന് പഞ്ചായത്തായിരുന്ന തിരൂരങ്ങാടിയുടെ വിവിധ ഭാഗങ്ങളിലേക്ക് ചെയ്ത് നൽകിയിരുന്നത്.
അക്കാലത്ത് സൈക്കിൾ വാടകക്ക് എടുത്ത് പ്രചാരണരംഗത്ത് സജീവമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നിരവധി തവണ പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടെങ്കിലും റാഫി ഒഴിഞ്ഞുമാറുകയാണ് പതിവ്. റാഫിക്ക് വിശ്രമമില്ലാത്ത ദിനരാത്രങ്ങളാണ് തെരഞ്ഞെടുപ്പ് വരെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.