തിരൂരങ്ങാടി: കോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിങ് സ്കൂൾ അടച്ചുപൂട്ടിയതോടെ ദുരിതത്തിലായ ഉടമ പിന്നെ ഒന്നും ആലോചിച്ചില്ല. തെൻറ ഡ്രൈവിങ് സ്കൂൾ വാഹനവുമായി നേരെ വെച്ചുപിടിച്ചു തൃശൂർ മണ്ണുത്തിയിലേക്ക്. അവിടെനിന്ന് വിവിധ ഇനം ചെടികളും ഫലവൃക്ഷത്തൈകളും വാങ്ങി ദേശീയപാതയോരത്ത് വിൽപന തുടങ്ങി.
കരുവാൻകല്ല് മിൻഷ ഡ്രൈവിങ് സ്കൂൾ ഉടമ കണ്ണമംഗലം പഞ്ചായത്തിലെ മൊല്ലപ്പടി സ്വദേശി ടി.പി. മുജീബാണ് ആഴ്ചയിൽ മൂന്നു തവണ മണ്ണുത്തിയിൽ പോയി 10,000 രൂപയുടെ സാധനങ്ങൾ വാങ്ങി നാട്ടിൽ വിൽപന നടത്തുന്നത്. ഡ്രൈവിങ് സ്കൂളിൽ മുജീബ് ഉൾപ്പെടെ ആറ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. സ്കൂൾ അടച്ചതോടെ അവരും വഴിയാധാരമായി.
തൈകൾ വിറ്റുകിട്ടുന്ന ലാഭത്തിൽ ഒരുപങ്ക് തെൻറ ജീവനക്കാർക്കുകൂടി നൽകി മാതൃകയാവുകയാണ് ഇദ്ദേഹം. മാർച്ച് 10ന് ലോക്ഡൗൺ തുടങ്ങിയതോടെ ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനവും നിർത്തിവെച്ചിരുന്നു. ഭാര്യയും നാലു മക്കളും അടങ്ങുന്നതാണ് മുജീബിെൻറ കുടുംബം. ആറ് മാസമായി മറ്റു വരുമാനമാർഗങ്ങൾ ഇല്ലാതായതോടെയാണ് കുടുംബം പട്ടിണി ആവാതിരിക്കാൻ വേണ്ടി തൈവിൽപനയിലേക്ക് ഇറങ്ങിയതെന്ന് മുജീബ് പറഞ്ഞു.
ഡ്രൈവിങ് പഠിപ്പിക്കുന്ന വാഹനങ്ങൾ തുരുമ്പുപിടിച്ച് നശിക്കുകയാണ്. ഇനി അനുമതി ലഭിച്ചാൽതന്നെ ഇൻഷുറൻസ് മറ്റും തെറ്റിക്കിടക്കുകയാണെന്നും ഇതെല്ലാം ശരിയാക്കി വാഹനം ഇറക്കണമെങ്കിൽ വലിയൊരു സംഖ്യ വേണമെന്നും അദ്ദേഹം പറഞ്ഞു. ലേണിങ് ടെസ്റ്റ് കഴിഞ്ഞ് ആറു ലക്ഷത്തോളം പേരാണ് ഡ്രൈവിങ് ടെസ്റ്റിന് വേണ്ടി കേരളത്തിൽ കാത്തിരിക്കുന്നത്.
പല മേഖലയിലും സർക്കാർ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡ്രൈവിങ് സ്കൂൾ മേഖലയിൽ സഹായങ്ങൾ ഒന്നും ഇതുവരെ പ്രഖ്യാപിക്കാത്തത് പ്രയാസകരമാണെന്നും മുജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.