തിരൂരങ്ങാടി: ചെറുമുക്ക് കോളക്കാട്ടുപാടത്തുള്ള കർഷകർക്ക് കൃഷിയിറക്കാൻ വഴി ഒരുങ്ങുന്നു. ജലസേചന സൗകര്യമില്ലാതായതോടെ വർഷങ്ങളായി ഇവിടെയുള്ള കർഷകർക്ക് കൃഷി വിളവെടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതേത്തുടർന്ന് 55 ഏക്കർ കൃഷിഭൂമിയിൽ ഒരു കിലോമീറ്ററിലധികം ഭൂമി ഏറ്റെടുത്ത് തോടുകീറി ജലസേചനം നടത്താൻ തീരുമാനം. കോളക്കാട്ടുപാടത്തെ കർഷകരുടെ വെള്ള പ്രശ്നം ശ്രദ്ധയിൽ പെട്ട ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ മുഖ്യമന്ത്രി കൃഷി മന്ത്രി, കൃഷി ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ജില്ല കൃഷി ഓഫിസിൽനിന്ന് പദ്ധതി തുടങ്ങാൻ പരിഹാരമെന്ന നിലയിൽ പരപ്പനങ്ങാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. സംഗീതയെ വിവരം അറിയിക്കുകയും നന്നമ്പ്ര കൃഷി ഓഫിസർ, കെ. സിനിജ ദാസ്, തിരൂരങ്ങാടി കൃഷി ഓഫിസർ പി.സി. ആരുണി എന്നിവരുടെ നേതൃത്വത്തിൽ കോളക്കാട്ടുപാടം സന്ദർശിക്കുകയും ചെയ്തു.
ഇവിടേക്ക് നിലവിൽ വെള്ളം കടന്നുവരാൻ വഴികളില്ല. കൊളക്കാട്ടുപാടത്തേക്ക് വയലിലൂടെ പുതിയ തോട് നിർമിച്ചാൽ കൃഷി ആവശ്യങ്ങൾക്കും ചുള്ളിപ്പാറ, ചെറുമുക്ക് സലാമത്ത് നഗർ, ജീലാനി നഗർ, കുണ്ടൂർ പ്രദേശത്ത് കുടിവെള്ളത്തിനും പ്രയോജനം കിട്ടും. ഇതുമായി ബന്ധപ്പെട്ട് ജില്ല കൃഷി ഓഫിസിലേക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് പരപ്പനങ്ങാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. സംഗീത കർഷകരെയും അറിയിച്ചു. ഉദ്യോഗസ്ഥർക്ക് പുറമേ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ അംഗങ്ങളായ വി.പി. ഖാദർ ഹാജി, മുസ്തഫ ചെറുമുക്ക്, കാമ്പ്ര ഹനീഫ ഹാജി, പനക്കൽ ബശീർ, കമാൽ ചെറുമുക്ക്, എം.എം. സിദീഖ്, കർഷകരായ കളത്തിങ്കൽ ഹംസ, തിലായിൽ അബ്ദുൽ റഷീദ്, ചോലയിൽ ഹംസ തുടങ്ങിയവർ ഉദ്യോഗസ്ഥരെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.