മലപ്പുറം: ട്രയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ട്രാവൽ ഏജൻസി ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാൻ ജില്ല ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു. തിരൂർ അന്നാര സ്വദേശി രവീന്ദ്രനാഥൻ നൽകിയ ഹരജിയിൽ സ്വകാര്യ ട്രാവൽ ഏജൻസിക്കെതിരെയാണ് നടപടി.
ചെന്നൈയിൽ നടക്കുന്ന വിവാഹചടങ്ങിൽ പങ്കെടുക്കാനും മടങ്ങാനുമായി ബന്ധുക്കളായ 42 പേർക്ക് തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ 95,680 രൂപ ട്രാവൽ ഏജൻസിക്ക് നൽകിയെങ്കിലും ബുക്ക് ചെയ്യാതെ പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് ടിക്കറ്റിനായി നൽകിയ തുക തിരിച്ചുനൽകാനാവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെത്തുടർന്ന് ഉപഭോക്തൃ കമീഷനെ സമീപിക്കുകയായിരുന്നു. ടിക്കറ്റിനായി നൽകിയ 95,680 രൂപ തിരിച്ചുനൽകാനും സേവനത്തിൽ വീഴ്ച വരുത്തി പരാതിക്കാരനും ബന്ധുക്കൾക്കും പ്രയാസമുണ്ടാക്കിയതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും നൽകാനാണ് ഉത്തരവ്. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷേൻറതാണ് വിധി. ഒരു മാസത്തിനകം വിധി നടപ്പാക്കിയില്ലെങ്കിൽ വിധിപ്രകാരമുള്ള സംഖ്യക്ക് 12 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.