തിരൂർ: വിവാദങ്ങൾക്കിടെ പ്രതിഷേധവുമായെത്തി യു.ഡി.എഫ് പ്രവർത്തകർ തിരൂർ റെയിൽവേ ഓവർബ്രിഡ്ജ് തുറന്നു. മിനിറ്റുകൾക്കകം തിരൂർ പൊലീസ് സംഭവസ്ഥലത്തെത്തി തുറന്ന പാലം അടച്ചു. ശനിയാഴ്ച വൈകീട്ടാണ് നാടകീയ പ്രതിഷേധം അരങ്ങേറിയത്.
യു.ഡി.എഫ് നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായെത്തി പാലം തുറക്കുന്നതിന് നേതൃത്വം നൽകിയത്. ഇതോടെ വാഹനങ്ങൾ ഇതുവഴി കടന്നുപോവാനും തുടങ്ങി. എന്നാൽ, ഏതാനും മിനിറ്റുകൾക്കകം തിരൂർ പൊലീസ് പാലം അടക്കുകയായിരുന്നു.
തിരൂർ നഗരത്തിലെ രൂക്ഷ ഗതാഗതക്കുരുക്കും ഓണത്തിരക്കും മുൻകൂട്ടി കണ്ടാണ് പ്രവൃത്തി പൂർണമായി പൂർത്തിയാവും മുമ്പ് തിരൂർ റെയിൽവേ ഓവർബ്രിഡ്ജ് ഓണത്തിന് മുമ്പ് താൽക്കാലികമായി തുറന്നുകൊടുക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ഏതാനും ദിവസം മുമ്പ് തീരുമാനിച്ചത്.
എന്നാൽ, പാലം വെള്ളിയാഴ്ച തുറന്നുകൊടുക്കാനിരിക്കെ ബല പരിശോധന നടത്തിയശേഷം പാലം തുറന്നുകൊടുത്താൽ മതിയെന്ന് പൊതുമരാമത്ത് വകുപ്പ് തിരൂർ നഗരസഭയെ അറിയിക്കുകയായിരുന്നു. ഇതോടെ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധ പരിപാടിക്ക് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എ. പത്മകുമാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കോട്ടയിൽ അബ്ദുൽ കരീം, യു.ഡി.എഫ് നേതാക്കളായ എ. ഗോപാലകൃഷ്ണൻ, വെട്ടം ആലിക്കോയ, തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.