തിരൂർ: ഓണം കഴിഞ്ഞിട്ടും തിരൂർ താലൂക്കിൽ 14,191 കാർഡുടമകൾക്ക് ഇതുവരെ ഓണക്കിറ്റ് ലഭിച്ചില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റുകളാണ് ജില്ലയിലെ ഏറ്റവും വലിയതും കർഷകരും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്നതുമായ താലൂക്കിൽ 14,191 കാർഡുടമകൾക്ക് ലഭിക്കാത്തത്.
ആഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 2,19,837 കാർഡുടമകളാണ് തിരൂർ താലൂക്കിലുള്ളത്. അതിൽ 2,05,646 കാർഡുകൾക്കാണ് കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്. ഈ മാസം ഏഴിന് രാത്രി എട്ട് വരെയായിരുന്നു റേഷൻ കടകൾ മുഖേന കിറ്റ് വിതരണം ചെയ്തിരുന്നത്.കാർഡ് തിരിച്ച് എത്ര കിറ്റുകൾ വിതരണം ചെയ്തുവെന്നും എത്ര വിതരണം ചെയ്യാനുണ്ടെന്നുമുള്ള കണക്കുപോലും താലൂക്ക് സിവിൽ സപ്ലൈ ഓഫിസ് അധികാരികളുടെ പക്കലില്ല. തിരൂർ സപ്ലൈകോയാണ് താലൂക്കിലേക്കുള്ള ഓണക്കിറ്റുകൾ തയാറാക്കിയിരുന്നത്.
2,06,794 കിറ്റുകൾ മാത്രമാണ് വിതരണത്തിനായി താലൂക്കുകളിലെ റേഷൻ കടകളിൽ എത്തിച്ചിരുന്നത്. 94 ശതമാനം കിറ്റുകളിൽ വിതരണത്തിന് സജ്ജമാക്കാനുള്ള സാധനങ്ങളാണ് സപ്ലൈകോയിലേക്ക് എത്തിച്ചിരുന്നത്. ആയിരത്തോളം കിറ്റുകൾ വിതരണം ചെയ്യാതെ താലൂക്കിലെ വിവിധ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നുമുണ്ട്. അധികമുള്ള കിറ്റുകൾ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഇതുവരെയും നിർദേശം ലഭിച്ചിട്ടില്ലെന്നും തിരൂർ താലൂക്ക് സിവിൽ സപ്ലൈ ഓഫിസർ പറഞ്ഞു.
മുൻ വർഷങ്ങളിലെല്ലാം റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്ന ഭക്ഷ്യ കിറ്റുകൾ എല്ലാവരും വാങ്ങിച്ചിരുന്നു.കിറ്റ് ലഭിക്കാത്തവർക്ക് ഇനി കിട്ടുമോ എന്ന ചോദ്യത്തിനും അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. കിറ്റ് വിതരണത്തിൽ റേഷൻ വ്യാപാരികളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യാപാരികൾ പറഞ്ഞു. കിറ്റ് വിതരണത്തിന് വ്യാപാരികൾക്ക് ഒരു കമീഷനും സർക്കാർ പ്രഖ്യാപിച്ചിരുന്നുമില്ല.
മുമ്പ് വിതരണം ചെയ്ത കിറ്റിന്‍റെ കമീഷനും ഇതുവരെയും ലഭിച്ചിട്ടുമില്ല. ഇതു സംബന്ധിച്ച് റേഷൻ വ്യാപാരികൾ കൊടുത്ത കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. റേഷൻ വ്യാപാരികൾക്ക് ഓണത്തിന് പ്രഖ്യാപിച്ച ഉത്സവ ബത്തയായ ആയിരം രൂപയും ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ച കഴിഞ്ഞ മാസത്തെ കമീഷനും ഇതുവരെയും നൽകിയിട്ടില്ലെന്നാണ് റേഷൻ വ്യാപാരികൾ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.