തിരൂർ: ടിപ്പുസുൽത്താൻ പാതയുടെ ഇരുവശങ്ങളിലായി കൂട്ടായി കോതപറമ്പ് മുതൽ വാടിക്കൽ ഹൈസ്കൂൾ വരെ യാത്രക്കാർക്ക് തണൽ വിരിച്ചിരുന്ന ആൽമരങ്ങൾ ഇനി ഓർമയിൽ മാത്രമാകും. തീരദേശ പാത വികസനത്തിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ച് മാറ്റുന്നത്.
ആദ്യ ഘട്ടത്തിൽ പറവണ്ണ മുതൽ ആശാൻപടി വരെ 2014ൽ നാലര കിലോമീറ്ററാണ് നിർമാണം പൂർത്തിയാക്കിയത്. പിന്നീട് വർഷങ്ങളോളം മുടങ്ങിക്കിടന്ന പദ്ധതി 2018ൽ വീണ്ടും നിർമാണം തുടങ്ങി. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തകൃതിയായി തുടങ്ങിയ നിർമാണം ഒരുവർഷം പിന്നിട്ടപ്പോൾ വീണ്ടും നിലച്ചു. അതോടെ പാതി വഴിയിൽ പൂർത്തിയാക്കിയ റോഡ് തീരദേശത്തെ യാത്ര ദുരിതത്തിന് കാരണമാവുകയും ചെയ്തു. തുടർന്ന് നിർമാണം നിലച്ച പാതയുടെ പണി തുടങ്ങാൻ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ സമരങ്ങളും നടത്തുകയുണ്ടായി. അതിനെ തുടർന്നാണ് വീണ്ടും നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നത്. റോഡ് സൈഡിലെ മരങ്ങളും വൈദ്യുതി കാലുകളും മാറ്റി തുടങ്ങിയാൽ പണി ഉടൻ ആരംഭിക്കാനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വെട്ടിമാറ്റുന്ന മരങ്ങളിൽ അരനൂറ്റാണ്ട് മുമ്പ് സാമൂഹിക പ്രവര്‍ത്തകനും പ്രകൃതി സ്നേഹിയുമായിരുന്ന ചെറാച്ചം വീട്ടിൽ മാളിയില്‍ മൂസ വെച്ചുപിടിപ്പിച്ച ആൽമരങ്ങളുമുൾപ്പെടുന്നുണ്ട്.
നാല്പത് വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകളായിരുന്നു ഈ ആല്മരങ്ങൾ.
നാട്ടിലെ കുട്ടികളും യുവാക്കളും മുതിര്‍ന്നവരും സൗഹൃദം പങ്കിട്ട് ഒഴിവുകമയം ചെലവഴിക്കാൻ ഈ ആല്മരച്ചുവടുകൾ ഉപയോഗിച്ചിരുന്നു. അത്തരം കാഴ്ചകൾ കൂടിയാണ് മരങ്ങള്‍ക്കൊപ്പം മണ്ണടിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.