തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്തിൽ 2017ൽ കുടിവെള്ള വിതരണത്തിലും ഗ്രാമപഞ്ചായത്ത് ഓഫിസിലെ ഡ്രൈവറെ യൂത്ത് കോഡിനേറ്ററായി നിയമിച്ചതിലും അഴിമതി ബോധ്യപ്പെട്ടതിനെത്തുടർന്ന് അന്നത്തെ പ്രസിഡന്റ് ഉൾപ്പെടെ ആറ് പേർക്കെതിരെ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി കേസെടുത്തു.
ഗ്രാമപഞ്ചായത്തിലെ ആ കാലഘട്ടത്തിലെ പ്രസിഡന്റ് എം. കുഞ്ഞാവ, സെക്രട്ടറി സതീഷ് രാജ്, കരാറുകാരൻ ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി എം. വിജയൻ, സീനിയർ ക്ലർക്ക് ബിബിൻ, പഞ്ചായത്ത് ഡ്രൈവറും യൂത്ത് കോഡിനേറ്ററുമായിരുന്ന എൻ. സൈഫുദ്ദീൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കോഴിക്കോട് വിജിലൻസ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ്. അഴിമതി സംബന്ധിച്ച് നേരത്തെ പൊതുപ്രവർത്തകൻ ഷാജി ബി.പി അങ്ങാടി തിരുവനന്തപുരം വിജിലൻസ് ഡയറക്ടർ മുമ്പാകെ പരാതി നൽകിയിരുന്നു. പരാതി വെരിഫിക്കേഷൻ നടത്താൻ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പിക്ക് അയച്ചു കൊടുക്കുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാറിന്റെ അനുമതി കിട്ടാത്തതിനാൽ കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരനുവേണ്ടി അഡ്വ. എൻ.വി.പി. റഫീഖ്, അഡ്വ. ടി.പി. ഷംന എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.