തിരൂർ: ഓൺലൈൻ പഠനത്തിന് വൈദ്യുതിയില്ലെന്ന പരിഭവം പറഞ്ഞ എട്ടാം ക്ലാസുകാരെൻറ സന്ദേശം മറ്റൊരു നിർധന കുടുംബത്തിന് കൂടി തുണയായി. തൃപ്രങ്ങോട് പഞ്ചായത്തിലെ ചമ്രവട്ടം ആനൊഴുക്ക് പാലത്ത് താമസിക്കുന്ന പാമ്പലത്ത് ഷറഫുദ്ദീെൻറ മകൻ മുഹമ്മദ് ഷെബിനാണ് വീട്ടിൽ വൈദ്യുതിയില്ലാത്തത് സംബന്ധിച്ച് ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരിക്ക് വാട്സ്ആപ് സന്ദേശം അയച്ചത്. ആലത്തിയൂർ കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ഷെബിൻ.
ഓൺലൈൻ പഠനത്തിന് പിതാവിെൻറ മൊബൈൽ ഫോൺ ഉണ്ടെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ പഠനം തടസ്സപ്പെടുന്നെന്നും സഹായിക്കണമെന്നുമായിരുന്നു സന്ദേശം. കുട്ടിയുടെ വീട്ടിലെത്തിയ ജില്ല പഞ്ചായത്ത് അംഗം ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് ലഭിക്കുന്ന സൗജന്യ കണക്ഷനുള്ള പരമാവധി ദൂരത്തിെൻറ ഇരട്ടിയാണ് നിലവിലുള്ള പോസ്റ്റിൽ നിന്നുള്ള ദൂരമെന്ന് മനസ്സിലാക്കി. ഇവിടേക്ക് വൈദ്യുതി ലൈൻ നീട്ടണമെങ്കിൽ ഒന്നര ലക്ഷം രൂപയോളം വരുമായിരുന്നു. അൽപം അകലെയുള്ള മറ്റൊരു കുടിലിലേക്ക് ലൈൻ എത്തിയാൽ രണ്ട് കുടുംബങ്ങൾക്കും സൗജന്യ കണക്ഷൻ ലഭിക്കും. ഈ വീട്ടുകാർ പണമില്ലാത്തതിനാൽ വീട് വയറിങ് ചെയ്തിരുന്നില്ല. ഇതിനാവശ്യമായ മുഴുവൻ ചെലവും പട്ടർനടക്കാവിലെ വ്യാപാരി സി.പി ട്രേഡേഴ്സ് ഉടമ സി.പി. റസാഖ് ഏറ്റെടുക്കുകയും ചെയ്തു. വയറിങ് ജോലികൾ പ്രദേശത്തെ ചെറുപ്പക്കാർ സൗജന്യമായി ചെയ്തു.
ഇലക്ട്രിക് സാധനങ്ങളുടെ തുക പൊയിലിശേരി മൈമൂനക്ക് വീട്ടിലെത്തി ഫൈസൽ എടശ്ശേരി കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. ഹംസ, മുസ്തഫ ഹാജി ആലത്തിയൂർ, വി.പി. യാഹുട്ടി ഹാജി, ടി. നൗഷാദ്, എം. ലത്തീഫ്, ഐ.പി. കാദർ, ബാബു തുടങ്ങിയവർ സംബന്ധിച്ചു. വയറിങ് പ്രവൃത്തികൾ പൂർത്തീകരിച്ചതിനാൽ രണ്ട് കുടുംബങ്ങൾക്കും ഉടൻ വൈദ്യുതി കണക്ഷൻ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.