തിരൂർ: ഈ മരങ്ങളിലെ പൂക്കള്‍ വാടില്ല മോളേ. കാലത്തിനൊപ്പം നിറം കെടാതെ, കൊഴിയാതെ നില്ക്കും. സൗന്ദര്യത്തിനൊപ്പം അതിജീവനത്തിെൻറ കരുത്തുകൂടിയുണ്ട് ഈ പൂക്കള്‍ക്ക്. നിലമ്പൂര്‍ നരിയമ്പുള്ളിയിലെ നസീമയുടെ വാക്കുകളില്‍ ദൃഢനിശ്ചയവും ആത്മവിശ്വാസവുമേറെ. താന്‍ സ്വന്തമായി ഉണ്ടാക്കിയ പലവിധത്തിലും നിറത്തിലുമുള്ള മെറ്റല്‍ വയര്ട്രീകളുമായി സംസ്ഥാന സര്‍ക്കാറിെൻറ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ ഉത്തരവാദിത്ത ടൂറിസം മിഷന് പവലിയനില്‍ വില്പനക്കെത്തിയതാണ് 40കാരിയായ നസീമ.
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ബി.എ മലയാളം മൂന്നാം സെമസ്റ്ററില്‍ പഠിക്കുന്ന നസീമയുടെ ശേഖരത്തില്‍ 250 രൂപ മുതല്‍ 5000 രൂപ വരെ വിലയുള്ള മെറ്റല്‍ വയര്ട്രീകളുണ്ട്. ചിത്രരചനയിലൂടെയാണ് നസീമയുടെ തുടക്കം. പിന്നീട് റിലീഫ് വര്‍ക്കിലും മെറ്റല്‍ വയര്ട്രീ നിര്‍മാണത്തിലും സജീവമായി. കാപ്പിച്ചെടിയുടെ വേരിലും മരത്തടികളിലും അലൂമിനിയം, ചെമ്പ് കമ്പികളും വിവിധതരം മുത്തുകളും ഉപയോഗിച്ചാണ് വയര്ട്രീ നിര്‍മാണം.
250 രൂപ വിലയുള്ള വയര്ട്രീ ഒരുക്കാന്‍ രണ്ട് മണിക്കൂര്‍ എടുക്കും. ഒരാഴ്ചകൊണ്ടാണ് 5000 രൂപ വിലയുള്ള വയര്ട്രീകള് തയാറാക്കുന്നത്. കേന്ദ്ര സര്‍ക്കാറിെൻറ ആഭിമുഖ്യത്തില്‍ ഗുജറാത്തില്‍ നടന്ന ഗാന്ധിശില്പ് ബസാറിലും അതിനു മുമ്പ് വിവിധ ജില്ലകളിലും നസീമ വയര്ട്രീകളുടെ പ്രദര്‍ശനത്തിനും വില്പനക്കുമായി പോയിട്ടുണ്ട്. 'പ്രാണ' എന്ന ബ്രാന്‍ഡ് നാമത്തിലാണ് കലാ പ്രദര്‍ശനവും വിപണനവും. സെയ്തു -റാബിയ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവളാണ്. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.