തിരൂർ: തിരൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വോൾട്ടേജ് ക്ഷാമം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയോടെ കെ.എസ്.ഇ.ബി തലക്കാട് വെങ്ങാലൂരിൽ പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നു. ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് സ്ഥാപിക്കുന്നത്.
ഊർജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വൈദ്യുത പ്രസരണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സർക്കാറും കെ.എസ്.ഇ.ബിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ട്രാൻസ്ഗ്രിഡ്. ജില്ലയിലെ ആദ്യത്തെ ഗ്യാസ് ഇൻസുലേറ്റർ സബ് സ്റ്റേഷനാണ് വെങ്ങാലൂരിലേത്. മറ്റു സബ് സ്റ്റേഷനുകളെ അപേക്ഷിച്ച് കുറച്ചു സ്ഥലം മതിയെന്നതും പ്രവർത്തന മികവുമാണ് പ്രത്യേകത. ലൈൻ വലിക്കലും സബ് സ്റ്റേഷൻ നിർമാണവുമടക്കം 240 കോടി രൂപയുടെ പദ്ധതിയാണിത്. സബ് സ്റ്റേഷൻ നിർമാണത്തിന് മാത്രം 87 കോടി രൂപയോളമാകും.
ഇതിനായി 0.85 ഹെക്ടർ സ്ഥലം വെങ്ങാലൂരിൽ കെ.എസ്.ഇ.ബി ഏറ്റെടുത്തു. കുന്നംകുളത്തുനിന്നാണ് ഇവിടേക്ക് ലൈൻ വലിക്കുന്നത്. ഇതിന്റെ പണി 50 ശതമാനത്തോളം പൂർത്തിയായി. നിലവിൽ 110 കെ.വി ശക്തിയുള്ള തിരൂർ സബ്സ്റ്റേഷനെയാണ് പ്രദേശമാകെ ആശ്രയിക്കുന്നത്.
അതിനാൽ തന്നെ വേനൽക്കാലത്തും മറ്റും രാത്രി ഓവർലോഡ് ആകുന്നതോടെ വൈദ്യുതി പോകുന്നത് പതിവാണ്. ഇതു പരിഹരിക്കാൻ പുതിയ സബ് സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായിരുന്നു. 220 കെ.വി ശക്തിയുള്ള സബ് സ്റ്റേഷൻ പൂർത്തിയായാൽ തിരൂരിലും പരിസരങ്ങളിലുമുള്ള വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും തടസ്സമില്ലാതെ വൈദ്യുതി വിതരണം നടത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ നിർമാണം 23ന് രാവിലെ 10.30ന് തലക്കാട് പുല്ലുരാലിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.