തിരൂർ: ഗൾഫ് മാർക്കറ്റിലെ തെരുവോര കച്ചവടത്തിന് എതിരല്ലെന്നും എന്നാൽ, സുരക്ഷ മുൻകരുതലിന്റെ ഭാഗമായി നിയന്ത്രണം കൊണ്ടുവരണമെന്നും തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വ്യാപാര മേഖലയിലെ പ്രതിസന്ധി മറികടക്കാനായി തിരൂർ ഗൾഫ് മാർക്കറ്റിലെ വെള്ളിയാഴ്ച അവധി ഒഴിവാക്കാൻ ആലോചിക്കുന്നതായും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാവുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
തിരൂർ ഗൾഫ് മാർക്കറ്റിലെ തെരുവോര കച്ചവടവുമായി ബന്ധപ്പെട്ട് ഗൾഫ് മാർക്കറ്റ് അസോസിയേഷന് ഒരു ബന്ധവുമില്ല. നല്ലനിലയിൽ തെരുവോര കച്ചവടം നടത്തുന്നതിനും എതിരല്ല. എന്നാൽ, ഗൾഫ് മാർക്കറ്റിന്റെ സുരക്ഷ കരുതി ഇവിടെ കച്ചവടം നടക്കുന്ന തെരുവോര കച്ചവടക്കാരെ കുറിച്ച് അവരുടെ യൂനിയന് വ്യക്തമായ അറിവുണ്ടായിരിക്കണം.
പല സ്ഥലങ്ങളിലുമുള്ളവർ ഇവിടെ വന്ന് തെരുവോര കച്ചവടം നടത്തുമ്പോൾ അത് ഗൾഫ് മാർക്കറ്റിന്റെ സുരക്ഷക്ക് ഭീഷണിയാവും. അത് തെരുവോര യൂനിയൻ നേതാക്കൾ ശ്രദ്ധിക്കണം. ഗൾഫ് മാർക്കറ്റ് ഇന്നത്തെ നിലയിൽ വളർന്നുവന്നത് തെരുവ് കച്ചവടത്തിലൂടെ തന്നെയായിരുന്നു.
ഇന്നും നൂറുകണക്കിനാളുകൾ മാർക്കറ്റിൽ സ്വന്തമായി കടകളില്ലാതെ തന്നെ ഉപജീവനം നടത്തുന്നുണ്ട്. ഗൾഫ് മാർക്കറ്റിലെ വെള്ളിയാഴ്ച തെരുവോര കച്ചവടത്തിനെതിരെ തിരൂർ ചേംബർ ഓഫ് കോമേഴ്സ് രംഗത്തുവന്നത് തങ്ങളുടെ അസോസിയേഷനോട് ചോദിച്ചിട്ടല്ലെന്നും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് ഇതാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വാർത്തസമ്മേളനത്തിൽ തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇ. അബ്ദുറഹിമാൻ ഹാജി, സെക്രട്ടറി കെ.ടി. ഇബ്നു വഫ, വർക്കിങ് പ്രസിഡൻറ് എം. സൈതലവി, ട്രഷറർ ഷാജി നൈസ്, വൈസ് പ്രസിഡൻറ് പി. ഗഫൂർ, യൂത്ത് വിങ് പ്രസിഡൻറ് വി.എ. അൻവർ സാദത്ത്, വി.വി. മുജീബ്, ഇസ്മായിൽ, അലിക്കുട്ടി, കുഞ്ഞാറു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.