തിരൂർ: ഏറെ കാലത്തെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഫലം കണ്ടു. അഞ്ചുവർഷം മുമ്പ് പണിപൂർത്തിയാക്കിയ തിരൂരിലെ അമിനിറ്റി സെന്ററാണ് നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ തുറക്കുന്നത്. സെപ്റ്റംബർ 19ന് സെന്ററിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിക്കും.
2017 നവംബറിൽ താഴെപ്പാലത്താണ് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന വിശ്രമകേന്ദ്രമായ അമിനിറ്റി സെന്ററിന്റെ പണി പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയത്. മുൻ എം.എൽ.എ സി. മമ്മുട്ടിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 35 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
2017 നവംബർ 26ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ, ഒരു വർഷത്തോളം കെട്ടിടത്തിന് നമ്പർ ലഭിച്ചില്ല. കഴിഞ്ഞ നഗരസഭ ഭരണസമിതി കെട്ടിടനമ്പർ അനുവദിക്കുന്നതിൽ നിയമതടസ്സം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയതോടെ മന്ത്രി നേരിട്ട് ഇടപെട്ട് നമ്പർ അനുവദിച്ചു. എന്നാൽ, വിവിധ കാരണങ്ങളാൽ അമിനിറ്റി സെന്റർ വാർഷങ്ങളോളം തുറന്നുകൊടുക്കാതെ വന്നതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വ്യത്യസ്ത പ്രതിഷേധങ്ങളും അരങ്ങേറി. തിരൂർ നഗരസഭ അമിനിറ്റി സെന്റർ ഏറ്റെടുക്കാൻ മുന്നോട്ടുവന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് സമ്മതം മൂളിയില്ല. പിന്നീട് കുടുംബശ്രീയെ ഏൽപിക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.
അവസാനം പൊതുമരാമത്ത് വകുപ്പ് തന്നെ കേന്ദ്രം നടത്തിപ്പിനു കരാർ നൽകാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് കരാറുകാരൻ കെട്ടിടം ഏറ്റെടുത്തു. കാലങ്ങളായി വെറുതേ കിടന്ന കെട്ടിടത്തിൽ ധാരാളം പണി തീർക്കാനുണ്ടായിരുന്നു. പൊട്ടിയ ടൈലുകൾ മാറ്റിയും പെയിന്റടിച്ചും കെട്ടിടം മോടിപിടിപ്പിച്ചിട്ടുണ്ട്. ശുചിമുറികളും മിൽമയുടെ കോഫീഷോപ്പും വിശ്രമിക്കാനുള്ള സ്ഥലവുമെല്ലാം ഇതിനുള്ളിൽ തയാറാണ്.
പുരുഷൻമാർക്ക് നാലും സ്ത്രീകൾക്ക് രണ്ടും ഭിന്നശേഷിക്കാർക്ക് ഒരു ടോയ്‍ലറ്റുമാണ് താഴത്തെ നിലയിലുള്ളത്. മിൽമയുടെ കോഫി ഹൗസും അഞ്ച് അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ ബെഡ്റൂമുകളും മുകളിലത്തെ നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.