തിരൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ പ്രവേശിച്ചവർക്കും വോട്ടവകാശം വിനിയോഗിക്കാൻ ഒരുക്കിയ സംവിധാനം വിജയകരം. ഡിസംബർ 13 വൈകീട്ട് മൂന്ന് വരെ റിപ്പോർട്ട് ചെയ്തവരെ വീട്ടിലെത്തി പ്രത്യേക പോസ്റ്റൽ ബാലറ്റ് നൽകി വോട്ട് ചെയ്യിപ്പിക്കാൻ സ്പെഷൽ പോളിങ് ഓഫിസർമാരെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ, ഇവരോട് അധികൃതർ അനീതിയാണ് കാണിച്ചെതന്ന് പ്രത്യേക പോളിങ് ഓഫിസർമാർ ആരോപിച്ചു. ഒരു പഞ്ചായത്തിലേക്ക് രണ്ടോ മൂന്നോ സംഘങ്ങളെയാണ് നിയമിച്ചിരുന്നത് എന്നതിനാൽ ആകെ വാർഡുകളെ തുല്യമായി വീതിച്ചാണ് ഇവർ ജോലി പൂർത്തിയാക്കിയത്. ഒരു സ്പെഷൽ പോളിങ് ഓഫിസർ, സ്പെഷൽ പോളിങ് അസിസ്റ്റൻറ്, പൊലീസ് ഉദ്യോഗസ്ഥൻ, ഡ്രൈവർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അധ്യാപകരെയും ജീവനക്കാരെയുമാണ് സ്പെഷൽ പോളിങ് ഓഫിസർമാരും അസിസ്റ്റൻറുമാരുമായും നിയമിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ നാട്ടിലായിരുന്ന ഇവരെ ഡിസംബർ ആറിന് രാത്രിയാണ് കലക്ടറേറ്റിൽനിന്ന് ഫോൺ വഴി പിറ്റേന്ന് രാവിലെ മുതൽ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയത്. വാടകക്ക് മുറിയെടുത്ത് രാപ്പകൽ വ്യത്യാസമില്ലാതെ പണിയെടുത്ത ഇവർക്ക് പ്രതിഫലമൊന്നും നൽകാതെയാണ് 13ന് രാത്രി പറഞ്ഞുവിട്ടതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓൺലൈനായി ചേർത്ത ഇ-ഡ്രോപ്പിലാകട്ടെ ഇവരുടെ സേവന വിവരങ്ങൾ ഇല്ല താനും. എന്നാൽ, 14ന് നടന്ന തെരഞ്ഞെടുപ്പിൽ ജോലി ചെയ്ത ഉദ്യോഗസ്ഥർക്ക് സാമഗ്രികൾ ഏറ്റുവാങ്ങിയ 13ന് തന്നെ പ്രതിഫലം നൽകിയപ്പോഴാണ് എട്ടുദിവസം തുടർച്ചയായി പി.പി.ഇ കിറ്റ് ധരിച്ച് രാപ്പകൽ ഭേദമന്യേ ജോലി ചെയ്തവരോട് വിവേചനം കാണിച്ചതെന്നാണ് ആരോപണം.
ചങ്ങരംകുളം: പ്രദേശത്തെ ഏറെ ബൂത്തുകളിലും രാവിലെ മുതൽ നല്ല തിരക്കാണ് അനുഭവെപ്പട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചെങ്കിലും നല്ല തിരക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് പല ബൂത്തുകളിലും സാമൂഹിക അകലം പാലിക്കാതെയാണ് വോട്ടിങ് നടന്നത്. ആലങ്കോട് ഒന്നാം വാർഡ് കാളാച്ചാലിൽ രണ്ട് ബൂത്തുകളിൽ രാവിലെ ഏഴ് മുതൽ വോട്ടിങ്ങിനായി നീണ്ട നിരയാണ് ഉണ്ടായിരുന്നത്. പ്രശ്ന ബാധിത ബൂത്തായതിനാൽ കനത്ത െപാലീസ് സുരക്ഷയിലാണ് വോട്ടിങ് നടന്നത്.
താനൂർ: വിദേശത്തുനിന്ന് എത്തിയ യുവാവും ദമ്പതികളും കോവിഡ് മാനദണ്ഡം പാലിച്ച് വൈകീട്ട് വോട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി സൗദിയിൽനിന്ന് എത്തിയ കുന്നുംപുറത്തെ കാട്ടുപറമ്പിൽ കൃഷ്ണൻ പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ ബൂത്ത് ഒന്നിൽ വോട്ട് രേഖപ്പെടുത്തി. ചിറക്കൽ മദ്റസ ബൂത്തിൽ അബൂദബിയിൽനിന്ന് എത്തിയ ദമ്പതികളായ ചെള്ളിക്കാട്ട് അബ്ദുൽ ജലീൽ, സീനത്ത് എന്നിവരാണ് ആറുമണി കഴിഞ്ഞ് വോട്ടുചെയ്തു. വോട്ട് ചെയ്യാനെത്തിയവരും പോളിങ് ഉദ്യോഗസ്ഥരും പി.പി.ഇ കിറ്റ് ധരിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. ആരോഗ്യ പ്രവർത്തകരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.