തിരൂർ: തീരദേശ പാത വഴി പരപ്പനങ്ങാടി-പൊന്നാനി കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസ് ചൊവ്വാഴ്ച ആരംഭിക്കും. താനൂർ-പരപ്പനങ്ങാടി തീരദേശ മേഖലകളെ ബന്ധിപ്പിച്ച് നിർമാണം പൂർത്തിയാക്കിയ താനൂർ ഒട്ടുംപുറം പാലം വഴിയാകും സർവിസ്. ഫിഷറീസ് മന്ത്രിയും താനൂർ എം.എൽ.എയുമായ വി. അബ്ദുറഹ്മാന്റെ ശ്രമഫലമായാണ് സർവിസുകൾ ആരംഭിക്കുന്നത്. മലപ്പുറം, പൊന്നാനി ഡിപ്പോകളാണ് സർവിസുകൾ ഓപറേറ്റ് ചെയ്യുക. മലപ്പുറം ഡിപ്പോ രണ്ടും പൊന്നാനി സബ്ഡിപ്പോ ഒരു സർവിസുമാകും തീരദേശം വഴി നടത്തുക. താനൂർ ജങ്ഷനിലും ബസ് സ്റ്റാൻഡിലും കയറാതെ പൂർണമായും തീരദേശ വഴിയായിരിക്കും സർവിസ്.
മലപ്പുറത്തുനിന്ന് പുലർച്ച അഞ്ചിന് പുറപ്പെട്ട് 6.20ന് പരപ്പനങ്ങാടിയിലെത്തും. തുടർന്ന് പരപ്പനങ്ങാടിയിൽനിന്ന് രാവിലെ 6.30ന് സദ്ദാം ബീച്ച്-ഒട്ടുംപുറം പാലം-താനൂർ ടൗൺ (വാഴക്കാത്തെരു) ഉണ്യാൽ-പറവണ്ണ-മലയാളം യൂനിവേഴ്സിറ്റി-കൂട്ടായി-മംഗലം-ആലിങ്ങൽ-ചമ്രവട്ടംപാലം എന്നിങ്ങനെ തീരദേശപാത വഴി പൊന്നാനിയിലേക്ക് പുറപ്പെടും. 8.25ന് പൊന്നാനിയിലെത്തുന്ന ബസ്, 8.45ന് തീരദേശപാത വഴി പരപ്പനങ്ങാടിയിലേക്ക് തിരിക്കും. 10.40ന് പരപ്പനങ്ങാടിയിൽ എത്തിയശേഷം മഞ്ചേരിയിലേക്ക് പോകും.
പൊന്നാനി സബ് ഡിപ്പോയുടെ ബസ് വൈകീട്ട് 5.15നാണ് പൊന്നാനിയിൽനിന്ന് പുറപ്പെടുക. തീരദേശ പാത വഴി രാത്രി 7.15ന് പരപ്പനങ്ങാടിയിലെത്തുന്ന ബസ് താനൂർ-വട്ടത്താണി-തിരൂർ പ്രധാന റോഡ് വഴി പൊന്നാനിയിലേക്ക് തിരിക്കും.
വർഷങ്ങൾക്ക് മുമ്പ് കൂട്ടായി-തിരൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയിരുന്നെങ്കിലും താനൂർ, പരപ്പനങ്ങാടി തീരദേശ മേഖലകളിലൂടെ ആദ്യമായാണ് കെ.എസ്.ആർ.ടി.സി സർവിസ് നടത്താൻ പോകുന്നത്. ഒട്ടുംപുറം പാലം വഴി പുതിയ ബസുകൾ സർവിസ് നടത്താൻ പോകുന്നതിന്റെ സന്തോഷത്തിലാണ് തീരദേശവാസികൾ. നിലവിൽ ഒട്ടുംപുറം പാലം വഴി പരപ്പനങ്ങാടിയിലേക്ക് ബസുകൾ ഇല്ല. ഇനി രണ്ടും മൂന്നും വാഹനങ്ങൾ മാറിക്കയറാതെയും കൂടുതൽ സമയം ചെലവഴിക്കാതെയും യാത്ര ചെയ്യാം. പടിഞ്ഞാറേക്കരയിലെ ജങ്കാർ സർവിസ് നിലച്ചിട്ട് മാസങ്ങളായതിനാൽ കൂട്ടായി- പൊന്നാനി ഭാഗങ്ങളിൽനിന്നും ഇരുകരകളിലേക്ക് പോകേണ്ട യാത്രക്കാർക്കും ഈ സർവിസ് ഏറെ ഉപകാരപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.