തിരൂർ: സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാനുള്ള വഴികൾ എളുപ്പമാക്കി തിരൂർ നഗരസഭ.പെൻഷൻ അപേക്ഷയിൽ വാർഡ് കൗൺസിലറുടെ ശിപാർശയും കൈയൊപ്പും വേണമെന്ന നടപടിയാണ് നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൻ എ.പി. നസീമ നിർത്തലാക്കിയത്.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളായവർ കൗൺസിലറെ സമീപിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങൾ നേരിട്ട് നഗരസഭ ചെയർപേഴ്സൻ എ.പി. നസീമയെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാൻ വർഷങ്ങളായി നിലനിന്നിരുന്ന നടപടി ഇല്ലാതാക്കിയത്. അർഹതയുള്ള ഒരു വ്യക്തിക്കായി വാർഡ് അംഗത്തെ സമീപിച്ചപ്പോൾ പെൻഷൻ ലഭിക്കണമെങ്കിൽ അവർ നേരിട്ടുവന്ന് തന്നെ കാണണമെന്ന് ഒരു നഗരസഭ അംഗത്തിന്‍റെ മറുപടി ചെയർപേഴ്സന്‍റെ ശ്രദ്ധയിൽപെടുത്തിയ ഉടൻ ഈ കീഴ്വഴക്കം നഗരസഭ അധ്യക്ഷ കൗൺസിൽ യോഗത്തിൽ റദ്ദ് ചെയ്യുകയായിരുന്നു.
അപേക്ഷയിൽ വാർഡ് കൗൺസിലർ ഒപ്പുവെച്ച ശിപാർശ വേണമെന്ന് നിയമമില്ലെന്നും ക്ഷേമകാര്യ സ്ഥിരംസമിതി അപേക്ഷ പരിശോധിച്ച് ബോധ്യപ്പെട്ടാൽ അർഹതയുള്ളവർക്കെല്ലാം പെൻഷൻ ലഭ്യമാക്കുമെന്നും ചെയർപേഴ്സൻ യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.